Oddly News

200 കോടിയുടെ സിനിമ ചെയ്തു; കിട്ടിയത് 10 കോടി ; ബോളിവുഡില്‍ വന്‍ പരാജയം നേരിട്ട സിനിമ?

ഇന്ത്യയില്‍ എല്ലാക്കാലത്തും ഒരു കൂട്ടം പ്രേക്ഷകര്‍ സ്ഥിരമായിട്ടുള്ള വിഭാഗമാണ് ഇതിഹാസ – ചരിത്ര സിനിമകള്‍. മുഗള്‍ – ഇ – അസമും ജോധാ അക്ബറും ബാഹുബലിയുമെല്ലാം ബോക്‌സോഫീസില്‍ ആധിപത്യം പുലര്‍ത്തിയവയാണ്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വരുന്ന ഗവേഷണവും മുതല്‍മുടക്കും വളരെ വലുതാണ് താനും. അതേസമയം തന്നെ ബോളിവുഡിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ പരാജയമായി എഴുതിച്ചേര്‍ത്ത ചിത്രവും ഒരു ഇതിഹാസ സിനിമയായിരുന്നു.

ബോളിവുഡില്‍ ഏറ്റവും വലിയ പരാജയത്തിന്റെ പേരില്‍ ചരിത്രം എഴുതിയത് 1975 ല്‍ പുറത്തുവന്ന റസിയ സുല്‍ത്താനയാണ്. ധര്‍മ്മേന്ദ്രയും ഹേമമാലിനിയും പര്‍വീണ്‍ ബാബിയും അഭിനയിച്ച സിനിമ സാമ്പത്തീകമായി തകര്‍ന്നു എന്നു മാത്രമല്ല സിനിമാ വ്യവസായത്തെ ഒന്നടങ്കം ഈ സിനിമയുടെ പരാജയം വീഴ്ത്തിക്കളയുകയും ചെയ്തു.

. ഡല്‍ഹി സുല്‍ത്താനേറ്റിലെ ഏക വനിതാ ഭരണാധികാരി റസിയ സുല്‍ത്താന്റെ ബയോപിക് 70 കളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന മഹല്‍, പക്കീസാ തുടങ്ങിയ സിനിമകള്‍ ഉണ്ടാക്കിയ കമല്‍ അംരോഹിയുടെ സിനിമയായിരുന്നു. അഭിനേതാക്കളുടെ മാറിമറിയലിലൂടെ മറ്റൊരു ചരിത്രം കൂടി എഴുതിയ സിനിമയുടെ അക്കാലത്തെ നിര്‍മ്മാണചെലവ് 10 കോടി ആയിരുന്നു. ഇന്നത്തെ മൂല്യം കണക്കാക്കിയാല്‍ 200 കോടിയെങ്കിലും വേണ്ടി വരും. ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും ചെലവേറിയ സിനിമയായി മാറിയ സിനിമയ്ക്ക് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും സമ്പാദിക്കാനായത് വെറും രണ്ടു കോടി മാത്രമായിരുന്നു.

ബോളിവുഡില്‍ പണമിറക്കി ചെയ്യുന്ന സിനിമകളുടെ തലതൊട്ടപ്പന്‍ എന്ന് പറയാവുന്ന സിനിമ ദശകങ്ങളോളമാണ് ഏറ്റവും വലിയ പണച്ചെലവുള്ള സിനിമയായി നിലനിന്നെങ്കിലും ഹിന്ദി സിനിമയിലെ ഏറ്റവും വലിയ നഷ്ടമുണ്ടാക്കുന്ന സംരംഭങ്ങളിലൊന്നായിട്ടാണ് മാറിയത്. സിനിമയുടെ പരാജയത്തിന് പല കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ചിലര്‍ സിനിമയില്‍ ഉപയോഗിച്ച ഉറുദു മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തി. മറ്റുള്ളവര്‍ സിനിമയുടെ മെല്ലെപ്പോക്കിനെയാണ് ആക്ഷേപിച്ചത്. എങ്ങിനെ നോക്കിയാലും റസിയ സുല്‍ത്താന ഒരു ബോക്‌സോഫീസ് ദുരന്തമായിരുന്നു എന്നതായിരുന്നു സാരം.

സാമ്പത്തീകപരാജയം സിനിമയെ മാത്രമായിരുന്നില്ല ബാധിച്ചത് സിനിമാ വ്യവസായത്തെ ഒന്നടങ്കം ബാധിച്ചു. ഫിനാന്‍ഷ്യര്‍മാര്‍ക്കും വിതരണക്കാര്‍ക്കും മറ്റ് നിക്ഷേപകര്‍ക്കും കനത്ത നഷ്ടം നേരിട്ടു. സിനിമയുടെ ബോക്‌സോഫീസ് പരാജയം സിനിമാ വ്യവസായത്തെ കടക്കെണിയിലാക്കിയെന്ന് അവകാശപ്പെടുന്ന ഒരു ലേഖനം അക്കാലത്ത് ഒരു ട്രേഡ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്കല്ല, നഷ്ടം തനിക്കായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്ന കമല്‍ അംരോഹി ഇതിനെ എതിര്‍ത്തു. സിനിമ വന്‍ നഷ്ടമായെങ്കിലും മറ്റൊരു തലത്തില്‍ അതില്‍ ജോലി ചെയ്തവര്‍ക്ക് നേട്ടമായിരുന്നു. സിനിമയുടെ ദൈര്‍ഘ്യമേറിയ നിര്‍മ്മാണ കാലയളവ് നൂറുകണക്കിന് സാങ്കേതിക വിദഗ്ധര്‍ക്ക് വര്‍ഷങ്ങളോളം ജോലി നല്‍കിയെന്നായിരുന്നു ചലച്ചിത്ര നിര്‍മ്മാതാവ് അംരോഹിയുടെ വാദം.