Celebrity

നടി തൃഷാകൃഷ്ണന് സിനിമയില്‍ 21 വയസ്സ്; മാന്ത്രിക നിമിഷത്തിലേക്ക് ഉയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് നടി

തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടി കുതിക്കുന്ന നടി തൃഷാ കൃഷ്ണന് സിനിമയില്‍ 21 വയസ്സ്. സൂര്യ നായകനായി അമീര്‍ സംവിധാനം ചെയ്ത മൗനം പേശിയതെ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ തൃഷ ഡിസംബര്‍ 13 നാണ് സിനിമയിലെ 21 വര്‍ഷം പൂര്‍ത്തിയാക്കിയത്. കോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഇതിനകം അഭിനയിച്ചു കഴിഞ്ഞ താരം എല്ലാവര്‍ക്കും സാമൂഹ്യമാധ്യമത്തിലൂടെ നന്ദി പറഞ്ഞു.

വീഡിയോയും എഴുതിയ കത്തും പോസ്റ്റ് ചെയ്തായിരുന്നു നടി സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. 2002 ഡിസംബര്‍ 13 നായിരുന്നു സൂര്യയും തൃഷയും നന്ദയും അഭിനയിച്ച മൗനം പേശിയതേ പുറത്തുവന്നത്. അരങ്ങേറ്റത്തിന് പിന്നാലെ സാമി, ലേസാ ലേസാ, ഗില്ലി, തിരുപ്പാച്ചി, ആറു, വിണ്ണത്താണ്ടി വരുവായ തുടങ്ങി അനേകം സൂപ്പര്‍ഹിറ്റുകളില്‍ നായികയായി. ആദ്യമായി നായികയായ സിനിമ മൗനം പേശിയതേ ആയിരുന്നെങ്കിലും 1999 ല്‍ റിലീസ് ചെയ്ത പ്രശാന്തും സിമ്രനും പ്രധാന വേഷത്തില്‍ എത്തിയ ‘ജോഡി’ യില്‍ നടി അപ്രധാന വേഷത്തില്‍ എത്തിയിരുന്നു.

രജനീകാന്ത്, കമല്‍ഹസന്‍, വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, സിലമ്പരസന്‍ തുടങ്ങി കോളിവുഡിലെ അനേകം മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം അഭിനയിച്ച തൃഷ ഇപ്പോള്‍ അജിത്ത് നായകനായി വിടാമുയിര്‍ച്ചിയിലാണ് അഭിനയിച്ചു വരുന്നത്. ” ഈ മാന്ത്രിക നിമിഷത്തില്‍ എന്നെ പിന്തുണയ്ക്കാനും ഉയര്‍ത്താനും ഉത്തേജിപ്പിക്കാനും ആശ്വസിപ്പിക്കാനും എന്റെ ആത്മാവിന് സന്തോഷം നല്‍കുകയും ചെയ്യാന്‍ ജീവിതത്തിറെ ഒരുഭാഗം നീക്കിവെച്ച എന്റെ ജീവിതത്തിലെ പ്രത്യേക, അതുല്യ, അതിശയകരമായ ആളുകഴെ കി്ട്ടിയതില്‍ ഞാന്‍ അഗാധമായ നന്ദിയും അനുഗ്രഹവുമുള്ളവളാണ്. എന്റെ അസ്തിത്വം യഥാര്‍ത്ഥത്തില്‍ നിങ്ങളെ സ്‌നേഹിക്കുന്നു.” നടി എക്‌സ് പേജില്‍ കുറിപ്പിട്ടു.