Health

നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന നില, കാലാവസ്ഥ, സമ്മര്‍ദ്ദ നില എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ് നിര്‍ണയിക്കപ്പെടുന്നു. വ്യക്തമായ മൂത്രം നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ നിലയുടെ നല്ല സൂചകമാണ്. കടും മഞ്ഞയാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കണം. നിങ്ങളുടെ ചുണ്ടുകളുടെ അവസ്ഥയാണ് മറ്റൊന്ന്. ചുണ്ടുകള്‍ വരണ്ടതാണെങ്കില്‍ ശരീരം നിര്‍ജലീകരണം അനുഭവിക്കുന്നു എന്ന് പറയാം.

ഒരേസമയം വലിയ അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ചെറിയ സിപ്പെടുത്ത് വേണം വെള്ളം കുടിക്കാന്‍. ദിവസം മുഴുവന്‍ ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തും. ഇഞ്ചി, ഏലം, പെരുംജീരകം, തുളസി, നാരങ്ങ, തേന്‍ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളോ പച്ചമരുന്നുകളോ വെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ വിഷ വിമുക്തമാക്കാനും സഹായിക്കുന്നു.

പനി, അണുബാധ, അസിഡിറ്റി, വയറിളക്കം, രക്ത സ്രാവം എന്നിവ ഉണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കണം.തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനക്കേട്, ഗ്യാസ്, വീക്കം, വേദന, എന്നിവയ്ക്ക് കാരണമാകുന്നു. നേരെമറിച്ച്, ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ദഹനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സഹായിക്കുന്നു. നിങ്ങളുടെ ഞരമ്പുകളും പേശികളും ശാന്തമാക്കാനും വിശ്രമിക്കാനും ഇത് സഹായിക്കുന്നു.