Crime

എപ്പോള്‍ കണ്ടാലും കളിയാക്കല്‍, 16 കാരന് ഇഷ്ടപ്പെട്ടില്ല; എട്ടു വയസ്സുകാരിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

മുംബൈ: കളിയാക്കിയതിന് അയല്‍ക്കാരിയായ എട്ടു വയസ്സുകാരിയെ 16 കാരന്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയേയും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതിന് പിതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പെല്‍ഹര്‍ ജില്ലയില്‍ ഡിസംബര്‍ 1 നായിരുന്നു സംഭവം.

പ്രതിക്ക് 16 വയസ്സ് പ്രായമുണ്ടെന്ന് വസായ് താലൂക്കിലെ പെല്‍ഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഐസ്‌ക്രീം വാങ്ങാന്‍ വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസംബര്‍ 4ന് ഒരു വലിയ ചൗളിലെ മുറിയില്‍ പ്ലാസ്റ്റിക് ബാഗില്‍ നിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.

അജ്ഞാതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയതു മുതല്‍ ഇതേ ചൗളില്‍ നിന്നുള്ള 16 കാരനെ കാണാതായതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍, കൗമാരക്കാരനായ ആണ്‍കുട്ടിക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി, ആഴത്തിലുള്ള അന്വേഷണത്തില്‍ അവന്‍ തന്നെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍, ഇര തന്നെ കളിയാക്കുന്നതില്‍ അസ്വസ്ഥത ഉണ്ടായിരുന്നെന്നും അവളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഡിസംബര്‍ 1 ന് രാത്രി ഒറ്റയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അതിനുള്ള അവസരം കിട്ടി. അവളെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പ്രതി പറഞ്ഞു.

എന്നാല്‍ മൃതദേഹം എന്ത് ചെയ്യണമെന്നറിയാത്തതിനാല്‍ രണ്ട് ദിവസം വീട്ടില്‍ ഒളിപ്പിച്ചു. അതിന് ശേഷം പിതാവിനെ വിവരം അറിയിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് മൃതദേഹം ആളൊഴിഞ്ഞ മുറിയിലേക്ക് മാറ്റി.

പ്രതികളുടെ മുറിയുടെ പ്രവേശന കവാടത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ ചെരിപ്പുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. മൃതദേഹം കണ്ടെടുത്തതോടെ പിതാവ് മകനെ ജല്‍ന ജില്ലയിലെ ജന്മനാട്ടിലേക്ക് അയച്ചതായും പൊലീസ് സംഘം പിന്നീട് കുട്ടിയെ അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് പെല്‍ഹാറിലേക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.