തായ്ലൻഡിലെ ചോൻബുരിയിൽ നടന്ന സംഗീത പരിപാടിക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ മുഖത്ത് ചവിട്ടുന്ന തായ് ഗായികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഐസ്’ (Ice) എന്ന പേരിൽ പ്രശസ്തയായ നംഖാങ് തിപ്മ്വാൻ (Namkhaeng Thipmwan) എന്ന ഗായികയാണ് തത്സമയ പ്രകടനത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായത്.
വേദിയിൽ പാടിക്കൊണ്ടിരിക്കെ ഗായികയുടെ അടുത്തേക്ക് എത്തിയ യുവാവ് ആദ്യം കൈപിടിക്കാൻ ശ്രമിക്കുകയും പിന്നീട് മോശമായി സ്പർശിക്കുകയുമായിരുന്നു. സംഭവം ഗായികയെ ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഗായികയുടെ മാറിടത്തിൽ സ്പർശിക്കാൻ ഇയാൾ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ശ്രദ്ധയിൽപ്പെട്ട മാനേജർ വുത്തിചായ് സോൺവിയാങ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ ഉടൻ തന്നെ ഇയാളെ ജനക്കൂട്ടത്തിനിടയിൽ നിന്ന് പിടിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിൽ 27-കാരിയായ ഗായിക അസ്വസ്ഥയായെങ്കിലും തന്റെ സംഗീത പരിപാടി തുടർന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്ന യുവാവിനെ നേരിൽ കാണാൻ അവർ ആവശ്യപ്പെടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ കൈകൾ പിടിച്ചുനിൽക്കെ നിലത്ത് മുട്ടുകുത്തിയിരിക്കുന്ന യുവാവിന്റെ അടുത്തേക്ക് ഗായിക എത്തുന്നതും, അയാളോട് സംസാരിച്ച ശേഷം പെട്ടെന്ന് മുഖത്ത് ചവിട്ടുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത്. വീഡിയോയിൽ യുവാവിന്റെ മുഖം മറച്ചിട്ടുണ്ട്. ഇയാൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാൻ പോലീസ് ഗായികയെ കാണാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും നൽകിയിട്ടില്ലെന്നും നിയമനടപടികളിലേക്ക് കടക്കാതെ വിഷയം പരിഹരിക്കാനാണ് ഗായിക താൽപ്പര്യപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ തായ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച ഗായിക, കലാകാരന്മാർ ബഹുമാനം അർഹിക്കുന്നുണ്ടെന്നും ജോലി ചെയ്യുന്നതിനിടയിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകേണ്ടവരല്ലെന്നും വ്യക്തമാക്കി. വേദിയിൽ നിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു കലാകാരിയും ലൈംഗികാതിക്രമം സഹിക്കേണ്ടതില്ലെന്നും, പ്രശസ്തയായ വ്യക്തിയാണെന്നത് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്നും അവർ കുറിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം അതിക്രമം ഇല്ലാതാകില്ലെന്നും ഗായിക കൂട്ടിച്ചേർത്തു. തത്സമയ പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ സുരക്ഷയെയും അതിർവരമ്പുകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വീണ്ടും തുടക്കമിട്ടിരിക്കുന്നത്.




