Oddly News

ആഡംബര കല്യാണം, ലക്ഷക്കണക്കിന് അതിഥികൾ; ഭക്ഷണത്തിന് മേൽ ചാടിവീണ് അതിഥികൾ! വിഡിയോ വൈറൽ

അഞ്ച് ഹെലിപാഡുകൾ, വിജയിക്ക് മഹീന്ദ്ര ഥാർ സമ്മാനമായി നൽകുന്ന കുതിരപ്പന്തയ മത്സരം, വരന് സമ്മാനിച്ച ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങി അതിഗംഭീരമായ ആകര്‍ഷണങ്ങളാണ് ഈ വിവാഹത്തിന് ഒരുക്കിയിരുന്നത്. എങ്കിലും, ഇതിലൊന്നുമല്ല വിവാഹത്തിന് വന്ന അതിഥികളുടെ മുന്‍ഗണന. വിവാഹ വേദിയിലെ ഭക്ഷണ കൗണ്ടറുകൾക്ക് ചുറ്റും ആളുകൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ കൂടുതൽ ശ്രദ്ധ നേടിയത്. ബിഹാറിലെ രാഷ്ട്രീയ നേതാവായ അനന്ത് സിംഗിന്റെ മകൾ ശിവാംഗി സിംഗിന്റെ വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ആളുകൾ തള്ളിക്കയറുന്നതും തങ്ങളുടെ വിഹിതം ലഭിക്കാനായി പാടുപെടുന്നതുമാണ് ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ ആളുകൾ എന്തിനാണ് ക്ഷമ നഷ്ടപ്പെട്ട് അടിസ്ഥാന മര്യാദകൾ പോലും ലംഘിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ദൃശ്യങ്ങളെ വിമർശിച്ചു.

‘ഛോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന ബിഹാർ രാഷ്ട്രീയ നേതാവ് അനന്ത് സിംഗിന്റെ ഇളയ മകൾ ശിവാംഗി സിംഗിന്റെ വിവാഹം നവംബർ 25-ന് പട്‌ന ജില്ലയിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ നദ്‌വാനിലാണ് നടന്നത്. ഋഷികേശ് കുമാറിനെയാണ് ശിവാംഗി വിവാഹം കഴിച്ചത്. ഏകദേശം നാല് ലക്ഷത്തോളം അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നതെന്നും, അതിലും കൂടുതൽ ആളുകൾ ചടങ്ങിൽ പങ്കെടുത്തതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



ബിഹാറിന്റെ തനത് വിഭവങ്ങളായ ലിറ്റി ചോഖ, സിലാവോ ഖാജ എന്നിവ മുതൽ ദോശ, ഇഡ്ഡലി, പിസ്സ, പാസ്ത, ബർഗർ, നൂഡിൽസ്, ആലു ടിക്കി വരെയുള്ള 150-ലധികം വിഭവങ്ങളാണ് സദ്യയിൽ ഉണ്ടായിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുതിരപ്പന്തയത്തിൽ ഒന്നാം സ്ഥാനക്കാർക്ക് മഹീന്ദ്ര ഥാറും, തൊട്ടുപിന്നാലെ എത്തുന്നവർക്ക് മോട്ടോർ സൈക്കിളും സ്കൂട്ടറുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

തിലക് ചടങ്ങിനിടെ വരനായ ഋഷികേശ് കുമാറിന് ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കുന്ന വെള്ള ലാൻഡ് റോവർ ഡിഫൻഡർ സമ്മാനമായി ലഭിച്ചതും ഈ ആഡംബര വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. എന്നാൽ, താമസിയാതെ ഓൺലൈൻ ചർച്ചകൾ വിവാഹത്തിന്റെ പ്രൗഢിയിൽ നിന്ന് ഭക്ഷണ വിതരണത്തിന്റെ വൈറൽ വീഡിയോയിലേക്ക് മാറി. പല ഉപയോക്താക്കളും ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തെ വിമർശിച്ചപ്പോൾ, മറ്റുചിലർ ഈ ദൃശ്യങ്ങളെ സാമ്പത്തിക അസമത്വവും പൗരബോധമില്ലായ്മയുമായി ബന്ധപ്പെടുത്തി.



“ഇന്നത്തെ ആളുകൾക്ക് അടിസ്ഥാന മര്യാദകളും പൗരബോധവും നഷ്ടപ്പെടുന്നതായി തോന്നുന്നു. ഷോർട്ട് വീഡിയോകളുടെ അമിതമായ ഉപയോഗം പലരെയും അക്ഷമരാക്കിയിരിക്കുന്നു, സ്വന്തം ഊഴം കാത്തിരിക്കാൻ പോലും അവർക്ക് കഴിയുന്നില്ല,” എന്ന് ഒരാൾ കുറിച്ചു. എന്നാൽ സൗജന്യ ഭക്ഷണം തേടിയെത്തുന്നവരിൽ മാത്രമല്ല ഇത്തരം പെരുമാറ്റമുള്ളതെന്നും, ബഫെ സദ്യകളിലും അൺലിമിറ്റഡ് ഭക്ഷണം നൽകുന്ന റസ്റ്റോറന്റുകളിലും എത്തുന്ന സമ്പന്നരിൽ പോലും സമാനമായ പ്രവണതകൾ കാണാറുണ്ടെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.