മെൽബൺ: ക്രിക്കറ്റിൽ ഒരു ബാറ്റർ പുറത്താകാൻ പല വഴികളുണ്ട്. ബൗൾഡ്, ക്യാച്ച്, ഹിറ്റ് വിക്കറ്റ്, റണ്ണൗട്ട് തുടങ്ങി ടൈംഡ് ഔട്ട് വരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പന്തുപോലും നേരിടുന്നതിന് മുൻപ് ബാറ്റർ ബൗൾഡായി പുറത്തായാലോ? വനിതാ ബിഗ് ബാഷ് ലീഗിലാണ് (ഡബ്ല്യുബിബിഎൽ) ഇത്തരത്തിൽ അമ്പരപ്പിക്കുന്ന ഒരു പുറത്താകൽ നടന്നത്.
മെൽബൺ റെനഗേഡ്സും ബ്രിസ്ബേൻ ഹിറ്റും തമ്മിൽ ബുധനാഴ്ച കളിച്ച മത്സരത്തിലായിരുന്നു ഈ അപൂർവ സംഭവം. മെൽബൺ റെനഗേഡ്സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനാണ് ആദ്യ പന്ത് പോലും നേരിടാതെ മടങ്ങേണ്ടി വന്നത്.
ക്രീസിലെത്താൻ അനുവദിച്ച സമയം വൈകിയതാണ് ഡോട്ടിന് വിനയായത്. വിക്കറ്റ് വീണാൽ അടുത്ത ബാറ്റർ 75 സെക്കൻഡിനുള്ളിൽ പന്ത് നേരിടാൻ തയാറാകണമെന്നാണ് ഡബ്ല്യുബിബിഎൽ ചട്ടം. സമയപരിധി കഴിഞ്ഞതോടെ പ്രത്യേക നിയമപ്രകാരം ഡോട്ടിന് ലെഗ് സൈഡിലെ സ്റ്റമ്പ് ലൈനിൽ നിന്ന് അഞ്ച് മീറ്ററിലധികം മാറി നിൽക്കേണ്ടി വന്നു. പിന്നാലെ ബ്രിസ്ബേൻ ഹിറ്റിന്റെ ലെഗ് സ്പിന്നർ സാറ ഗ്ലെൻ ആളൊഴിഞ്ഞ സ്റ്റമ്പിലേക്ക് പന്തെറിഞ്ഞ് വിക്കറ്റ് തെറിപ്പിക്കുകയും ഡോട്ടിൻ ബൗൾഡാകുകയും ചെയ്തു. പഴയ ടി20 ‘ബോൾ ഔട്ട്’ രീതിയെ ഓർമിപ്പിക്കുന്നതായിരുന്നു ഇത്.
ഒരു പന്ത് പോലും കളിക്കാൻ അവസരം കിട്ടുന്നതിന് മുൻപാണ് ഡോട്ടിൻ പുറത്തായത്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് 75 സെക്കൻഡ് സമയപരിധി നിയമപ്രകാരം ഒരു താരം ഇങ്ങനെ പുറത്താകുന്നത്.
മെൽബൺ റെനഗേഡ്സ് 138 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 15-ാം ഓവറിലായിരുന്നു സംഭവം. തുടരെ വിക്കറ്റുകൾ വീണ സാഹചര്യത്തിൽ ഏഴാം നമ്പറിലാണ് ഡോട്ടിൻ എത്തിയത്. എന്നാൽ ക്രീസിലെത്തി ഗ്ലൗസ് ധരിച്ച് തയാറാകാൻ 75 സെക്കൻഡിൽ കൂടുതൽ സമയമെടുത്തു.
ഇതോടെയാണ് ലീഗിലെ പ്രത്യേക നിയമം പ്രയോഗത്തിൽ വന്നത്. അമ്പയർമാരുടെ നിർദേശപ്രകാരം ലെഗ് സൈഡിൽ പിച്ചിന് പുറത്ത് കുറഞ്ഞത് അഞ്ച് മീറ്റർ മാറി നിൽക്കാൻ ഡോട്ടിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഒഴിഞ്ഞ സ്റ്റമ്പിലേക്ക് എറിയാൻ ബ്രിസ്ബേൻ ഹിറ്റിന്റെ ഇംഗ്ലണ്ട് ലെഗ് സ്പിന്നർ സാറ ഗ്ലെന്നിന് അവസരം ലഭിച്ചു. ഗ്ലെൻ എറിഞ്ഞ പന്ത് നേരെ സ്റ്റമ്പിൽ കൊണ്ടതോടെ ഡോട്ടിൻ ‘ബൗൾഡ്’ ആയി പുറത്തായി.
ഡബ്ല്യുബിബിഎൽ ചട്ടത്തിലെ 40-ാം വകുപ്പ് അനുസരിച്ചാണ് ഈ നടപടി. ഒരു ബാറ്റർ പുറത്താകുകയോ റിട്ടയർ ചെയ്യുകയോ ചെയ്താൽ അടുത്ത ബാറ്റർ 75 സെക്കൻഡിനുള്ളിൽ പന്ത് നേരിടാൻ സജ്ജമാകണം. വൈകിയാൽ പിച്ചിന് പുറത്ത് മാറി നിൽക്കേണ്ടിവരും (വകുപ്പ് 40.3). അപ്പോൾ ബൗളർക്ക് ഒഴിഞ്ഞ വിക്കറ്റിലേക്ക് പന്തെറിയാം (വകുപ്പ് 40.4). പന്ത് വിക്കറ്റിൽ കൊണ്ടാൽ ബാറ്റർ ‘ബൗൾഡ്’ ആകും; തെറ്റിയാൽ ഡോട്ട് ബോളായി കണക്കാക്കും.
2021-22 സീസണിലാണ് ഈ നിയമം ബിഗ് ബാഷിൽ കൊണ്ടുവന്നത്, എങ്കിലും ആദ്യമായാണ് ഒരു കളിയിൽ ഇത് നടപ്പിലാക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായ സംഭവത്തെ ഇത് ഓർമിപ്പിക്കുമെങ്കിലും, ഒഴിഞ്ഞ സ്റ്റമ്പിലേക്ക് എറിഞ്ഞ് ബൗൾഡ് ആക്കാൻ ബൗളർക്ക് അവസരം ലഭിക്കുന്നു എന്നതാണ് ബിഗ് ബാഷിലെ പ്രത്യേകത.




