Featured Sports

കോവിഡ് കഴിഞ്ഞില്ലേ? പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിച്ചാൽ എന്താണ് പ്രശ്നം? പന്തിന്റെ നിലവാരത്തെയും പിച്ചിനെയും പഴിച്ച് ഗിൽ

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ പന്തിന്റെ നിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ടെസ്റ്റ് മത്സരങ്ങളിൽ പന്തിന് വലിയ പ്രാധാന്യമുണ്ടെന്നും 25-30 ഓവറുകൾ പിന്നിടുമ്പോഴേക്കും ആദ്യ പന്ത് പെട്ടെന്ന് മൃദുവാകുന്നുണ്ടെന്നും ഗിൽ ചൂണ്ടിക്കാട്ടി. പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാൻ താരങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ടെസ്റ്റിൽ പന്ത് തീർച്ചയായും വലിയൊരു ഘടകമാണ്. 25-30 ഓവറുകൾ ആയപ്പോഴേക്കും ഞങ്ങളുടെ ആദ്യ പന്ത് തീരെ മൃദുവായിപ്പോയി. എതിർ ടീമും ഇതേ പ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും സമാനമായ അനുഭവമുണ്ടായി. പന്തുകളുടെ നിർമ്മാണ നിലവാരം കുറഞ്ഞതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമല്ല. പന്ത് മൃദുവാകുന്നതിനൊപ്പം

പിച്ചിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാതെ വരുമ്പോൾ ബൗളർമാർക്ക് വിക്കറ്റുകൾ നേടുക എന്നത് ഏറെ പ്രയാസകരമാകും. ബാറ്റിൽ തട്ടുന്ന പന്തുകൾ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുന്നില്ല. പിച്ചിൽ ആവശ്യത്തിന് വേഗതയോ മൂവ്‌മെന്റോ ഇല്ലെങ്കിൽ പിന്നെ ബൗൾഡിലൂടെയോ എൽബിഡബ്ല്യുവിലൂടെയോ മാത്രമേ വിക്കറ്റ് വീഴ്ത്താൻ സാധിക്കുകയുള്ളൂ.’- ഗിൽ പറഞ്ഞു.

പന്ത് തിളക്കമുള്ളതാക്കാൻ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുന്നത് എന്തിനാണെന്നും ഗിൽ ആരാഞ്ഞു. ‘പന്തിൽ ഉമിനീർ പുരട്ടാൻ അനുവദിക്കാത്തതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. കോവിഡ് പ്രതിസന്ധികളൊക്കെ നമ്മൾ എപ്പോഴേ മറികടന്നു കഴിഞ്ഞു. പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കരുതെന്നൊരു നിയന്ത്രണമുണ്ടായിരുന്നു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും എന്തിനാണ് ആ വിലക്ക് തുടരുന്നതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമാകുന്നില്ല. ഇതും മത്സരഫലത്തെ സ്വാധീനിക്കുന്ന വലിയൊരു കാര്യമാണ്.’-ഗിൽ വ്യക്തമാക്കി.

ന്യൂസീലൻഡിനെ രണ്ടാം ഇന്നിങ്‌സിൽ പുറത്താക്കാനായി ബൗളർമാർക്ക് ഏകദേശം 135 ഓവറുകൾ നൽകിക്കൊണ്ട് നാലാം ദിവസം 352 റൺസ് ലീഡിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. പക്ഷേ, ബൗളർമാർക്ക് ഒട്ടും അനുകൂലമല്ലാത്ത പിച്ചിൽ അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിഷമകരമായ തീരുമാനമായിരുന്നെന്നും ഇന്ത്യൻ ടീമിൽ എത്തുന്നതിന് മുമ്പ് തന്നെ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും ഗിൽ പറഞ്ഞു.

‘ഈ ടെസ്റ്റിനായി ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ബൗളിംഗ് നിരയെ തന്നെയാണ് ഞങ്ങൾ കളത്തിലിറക്കിയത്. മത്സരത്തിന് മുന്നോടിയായി തന്നെ പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന കാര്യം സിറാജിനെ അറിയിച്ചിരുന്നു. അവൻ ആ സാഹചര്യം കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. ശക്തമായി തിരിച്ചുവന്ന് ടീമിനായി മികച്ച പ്രകടനം നടത്തണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന താരമാണ് അവൻ.’-ഗിൽ കൂട്ടിച്ചേർത്തു.