Oddly News

എന്തുചെയ്യാനാ? പൂസായിപ്പോയി… മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് 12-കാരിക്ക് പരിക്ക് ; കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി

പഞ്ചാബിലെ അമൃത്‌സറിലുള്ള സുൽത്താൻവിൻഡ് റോഡിൽ മദ്യപിച്ച പോലീസ് കോൺസ്റ്റബിൾ ഓടിച്ചതെന്ന് കരുതപ്പെടുന്ന കാറിടിച്ച് 12 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് കാർ ഇടിച്ചത്. കാറിനടിയിൽ കുടുങ്ങിപ്പോയ കുട്ടിയെ നാട്ടുകാരും വഴിയാത്രക്കാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

അപകടസമയത്ത് പ്രതിയായ അമൃത്പാൽ സിംഗ് എന്ന കോൺസ്റ്റബിൾ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രോഷാകുലരായ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തിന് ശേഷം പോലീസ് കോൺസ്റ്റബിൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രതിക്ക് നേരെ നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും അപകടസ്ഥലത്ത് വെച്ച് ഇയാൾ ഛർദ്ദിക്കുന്നുണ്ടായിരുന്നുവെന്നും അംബേദ്കർ സമാജ് ദൾ യൂത്ത് പ്രസിഡന്റ് രാഹുൽ സോറി ആരോപിച്ചു. ഇയാളുടെ ആൾട്ടോ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും നാട്ടുകാർ കണ്ടെത്തി. ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് രാഹുൽ സോറി ചോദിച്ചു.

പെൺകുട്ടിയെ ഇടിച്ച ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും യുവാക്കളും ചേർന്ന് കാർ വളയുകയും ഇയാളെ തടയുകയുമായിരുന്നുവെന്ന് അംബേദ്കർ സമാജ് ദൾ പഞ്ചാബ് ചെയർമാൻ വിക്കി പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് പരിക്കേറ്റ പെൺകുട്ടി. മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കുന്നത് അമ്മായിയായ പ്രീതിയാണ്. വാടകവീട്ടിലാണ് തങ്ങൾ താമസിക്കുന്നതെന്നും കുടുംബത്തിലെ പല അംഗങ്ങളും ഭിന്നശേഷിക്കാരാണെന്നും പ്രീതി പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല. കുട്ടിക്ക് സൗജന്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കണമെന്നും, പ്രതിയായ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്ത് കർശന ശിക്ഷ നൽകണമെന്നും പ്രീതി അധികൃതരോട് അഭ്യർത്ഥിച്ചു.

അംബേദ്കർ സമാജ് ദളും കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർശന നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംഭവമറിഞ്ഞ് സുൽത്താൻവിൻഡ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കാർ നീക്കം ചെയ്യുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, കോൺസ്റ്റബിൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചതിനാൽ ഇയാളെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകി. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും നിയമം ഒരുപോലെയാണെന്നും പോലീസ് വ്യക്തമാക്കി.