വർഷങ്ങളായി വീട്ടുകാരുടെ മുന്നിൽ സസ്യാഹാരിയായി അഭിനയിച്ച 77-കാരനെ കുടുക്കി മീൻ മുള്ള്. കാൺപൂരിലെ ബാരയിലാണ് ഈ രസകരമായ സംഭവം നടന്നത്. തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയതോടെ ആരോടും തുറന്നുപറയാനാകാതെ ഏഴ് ദിവസമാണ് വയോധികൻ കടുത്ത വേദന സഹിച്ചത്.
ഗംഗാ ബക്ഷ് എന്ന വയോധികന് മീൻ വിഭവങ്ങൾ ഏറെ ഇഷ്ടമായിരുന്നു. എന്നാൽ കുടുംബത്തിലെ എല്ലാവരും സസ്യാഹാരികളായതിനാൽ തന്റെ ഈ ഇഷ്ടം അദ്ദേഹം രഹസ്യമാക്കി വെച്ചു. മീൻ കഴിക്കാൻ ആഗ്രഹം തോന്നുമ്പോഴെല്ലാം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അദ്ദേഹം അത് കഴിക്കുമായിരുന്നു. ആരുമറിയാതെ ഈ രഹസ്യ തീറ്റ അദ്ദേഹം വർഷങ്ങളോളം തുടർന്നു.
കഴിഞ്ഞ ഒക്ടോബർ 25-ന് പതിവുപോലെ രഹസ്യമായി മീൻ കഴിക്കുന്നതിനിടെയാണ് മുള്ള് തൊണ്ടയിൽ കുടുങ്ങിയത്. വീട്ടുകാർ അറിയാതിരിക്കാൻ ഇക്കാര്യം മറച്ചുവെച്ചെങ്കിലും, ദിവസങ്ങൾ പിന്നിട്ടതോടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും ഗംഗാ ബക്ഷിന് സാധിക്കാതെയായി. പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മുള്ള് പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ വേദന അസഹനീയമായതോടെ തൊണ്ടയിൽ എന്തോ കുടുങ്ങിയതായി അദ്ദേഹം വീട്ടുകാരോട് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ തങ്ങൾ സസ്യാഹാരികളാണെന്നും എന്തോ തൊണ്ടയിൽ കുടുങ്ങിയതാണെന്നുമാണ് കുടുംബാംഗങ്ങൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ തൊണ്ടയിലുള്ളത് മീൻ മുള്ളാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതോടെ വർഷങ്ങളായുള്ള വയോധികന്റെ രഹസ്യം പരസ്യമായി. ഒടുവിൽ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ വെച്ച് മുള്ള് വിജയകരമായി പുറത്തെടുത്തു.




