അപകടകരമായ രീതിയിൽ കുറുക്കുവഴിയിലൂടെ ആളുകൾ റോഡ് മുറിച്ചുകടക്കുന്നത് തടയാൻ യുവാവ് പരീക്ഷിച്ച വ്യത്യസ്തമായൊരു ‘നാടന് പ്രയോഗം’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തിരക്കേറിയ റോഡിലെ ഡിവൈഡറിനിടയിലുള്ള ചെറിയ വിടവിലൂടെ കാൽനടയാത്രക്കാർ നിരന്തരം നുഴഞ്ഞുകയറി റോഡ് മുറിച്ചുകടക്കുന്നത് കണ്ട് മടുത്ത യുവാവ്, സിന്ദൂരം ഉപയോഗിച്ചുള്ള ഒരു വിചിത്ര തന്ത്രമാണ് ഇതിനായി പരീക്ഷിച്ചത്.
ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനോ മുന്നറിയിപ്പ് ബോർഡുകൾ വെക്കുന്നതിനോ പകരം, ആളുകളെ ഈ വിടവിലൂടെ കടന്നുപോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ‘ടോട്ക പ്രാങ്ക്’ (അന്ധവിശ്വാസവുമായി ബന്ധപ്പെട്ട തമാശ) എന്ന തന്ത്രമാണ് ഇയാൾ പ്രയോഗിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഈ പരീക്ഷണം മുഴുവൻ കാണാം. ഡിവൈഡറിലെ വിടവിന് സമീപം റോഡിൽ ചുവന്ന സിന്ദൂരം ഉപയോഗിച്ച് വൃത്താകൃതിയിൽ വരയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, ഈ അടയാളങ്ങൾക്ക് അരികിലായി സിന്ദൂരം നിറച്ച ഒരു ചെറിയ പാത്രവും ഇയാൾ വെച്ചു. ഇതോടെ കണ്ടാൽ ഏതോ ആഭിചാരക്രിയ ചെയ്തതുപോലെയുള്ള ഒരു അന്തരീക്ഷം അവിടെ ഒരുങ്ങി.
തുടർന്നുണ്ടായ കാഴ്ചകൾ ഏറെ രസകരമായിരുന്നു. റോഡ് മുറിച്ചുകടക്കാൻ എത്തിയ യാത്രക്കാർ ഈ അസാധാരണ കാഴ്ച കണ്ട് പെട്ടെന്ന് പിന്മാറുന്നതാണ് വീഡിയോയിലുള്ളത്. വിടവിലൂടെ കടന്നുപോകാൻ ഒരുങ്ങിയ കള്ളി ഷർട്ട് ധരിച്ച ഒരാൾ, താഴെ വെച്ചിരിക്കുന്ന സിന്ദൂരവും പാത്രവും കണ്ടതോടെ പെട്ടെന്ന് നിൽക്കുകയും മറ്റൊരു വഴിയിലൂടെ നടന്നുനീങ്ങുകയും ചെയ്തു. ഇയാൾ മാത്രമല്ല, കൊച്ചുമകളോടൊപ്പം നടന്നുവന്ന ഒരച്ഛൻ ഉൾപ്പെടെ നിരവധി പേരാണ് ഈ കുറുക്കുവഴി ഉപേക്ഷിച്ചത്. എളുപ്പത്തിൽ റോഡ് മുറിച്ചുകടക്കാൻ കഴിയുമായിരുന്നിട്ടും, സിന്ദൂരപ്പാത്രവും ചുവന്ന വരകളും കണ്ടതോടെ എല്ലാവരും മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു.
ചില പൂജാവസ്തുക്കളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെയാണ് ഈ പ്രാങ്കിലൂടെ യുവാവ് ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് സിന്ദൂരം, നാരങ്ങ, പാത്രങ്ങൾ എന്നിവ വെച്ചുള്ള ഇത്തരം രീതികൾ ദോഷങ്ങൾ അകറ്റുന്നതിനോ ആഭിചാരക്രിയകൾക്കോ വേണ്ടിയുള്ളതാണെന്ന് കരുതപ്പെടുന്നു. നിർഭാഗ്യമോ ദോഷഫലങ്ങളോ ഉണ്ടാകുമെന്ന ഭയത്താൽ പലരും ഇത്തരം വസ്തുക്കളിൽ ചവിട്ടാനോ മറികടക്കാനോ മടിക്കാറുണ്ട്.
ഈ അസാധാരണ പരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയും യുവാവിന്റെ വ്യത്യസ്തമായ ആശയത്തെ ആളുകൾ അഭിനന്ദിക്കുകയും ചെയ്തു. 21 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. സാധാരണ റോഡ് സുരക്ഷാ നടപടികളേക്കാൾ മികച്ച രീതിയിൽ ഈ തന്ത്രം പ്രവർത്തിച്ചുവെന്ന് പലരും തമാശയായി കുറിച്ചു. “ഇന്ത്യക്കാരെ നിയമം അനുസരിപ്പിക്കാൻ കഴിയുന്ന ഒരേയൊരു കാര്യമാണിത്” എന്നായിരുന്നു ഒരാളുടെ കമന്റ്. “ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഇന്ത്യൻ പരിഹാരങ്ങൾ മാത്രമേ ആവശ്യമുള്ളൂ” എന്ന് മറ്റൊരാൾ എഴുതി. “ഇന്ത്യൻ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പോലും അതുവഴി മുറിച്ചുകടക്കില്ല” എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. “വഴി തടയാനുള്ള നിൻജ ടെക്നിക്” എന്നാണ് ഒരാൾ ഇതിനെ വിശേഷിപ്പിച്ചത്. “ബാരിക്കേഡുകൾക്ക് തടയാൻ കഴിയാത്ത മനുഷ്യനെ അന്ധവിശ്വാസം തടഞ്ഞു നിർത്തി” എന്ന കമന്റോടെയാണ് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ഈ സാഹചര്യത്തെ ചുരുക്കി വിവരിച്ചത്.




