Featured Sports

അയ്യോ…! ഫീൽഡറുടെ ത്രോ അബദ്ധത്തിൽ കൊണ്ടത് അമ്പയറുടെ കഴുത്തിൽ! രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് – വീഡിയോ

മെൽബൺ സ്റ്റാർസ് താരം നവോമി സ്റ്റാലൻബെർഗ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി കൊണ്ടത് ഗ്രൗണ്ടിലുണ്ടായിരുന്ന വനിതാ സ്ക്വയർ ലെഗ് അമ്പയറുടെ പിന്‍ക​ഴുത്തില്‍. ഭാഗ്യവശാൽ, തലയ്ക്ക് തൊട്ടുതാഴെ കഴുത്തിന്റെ പിൻഭാഗത്താണ് പന്ത് കൊണ്ടത് എന്നതിനാൽ അവർക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. ഓസ്‌ട്രേലിയയിലെ ഡ്രമ്മോയ്ൻ ഓവലിൽ വ്യാഴാഴ്ച മെൽബൺ സ്റ്റാർസും സിഡ്‌നി സിക്‌സേഴ്‌സും തമ്മിൽ നടന്ന വനിതാ ബിഗ് ബാഷ് ലീഗ് (WBBL) സീസൺ 12 മത്സരത്തിനിടെയാണ് സംഭവം

പന്ത് അമ്പയറുടെ ദേഹത്ത് നേരിട്ട് ഇടിച്ചത് കണ്ട് താരങ്ങളെല്ലാം ഞെട്ടി, അവർക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താനായി അടുത്തേക്ക് ഓടിയെത്തുകയും ചെയ്തു. ബാറ്റർമാർ റൺസ് പൂർത്തിയാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിക്കറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്ന അമ്പയർ, പിന്നിൽ നിന്നും പന്ത് വരുന്നത് ശ്രദ്ധിച്ചിരുന്നില്ല.

പന്ത് വളരെ ശക്തമായാണ് വന്നിടിച്ചതെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും ഏൽക്കാതിരുന്ന അമ്പയർ തുടർന്നും മത്സരം നിയന്ത്രിച്ചു. രണ്ട് തോൾപലകകൾക്കിടയിലാണ് (shoulder blades) പന്ത് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പന്ത് കൊണ്ടപ്പോൾ അമ്പയർക്ക് നല്ല വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ പകരക്കാരെ ആവശ്യമില്ലാതെ തന്നെ ബാക്കിയുള്ള മത്സരത്തിലും അവർക്ക് അമ്പയറിംഗ് തുടരാനായി. പന്ത് തലയിലായിരുന്നു പതിച്ചിരുന്നതെങ്കിൽ ഗുരുതരമായി പരിക്കേൽക്കാനും അടിയന്തര വൈദ്യസഹായം തേടേണ്ടതായും വരുമായിരുന്നു.

നേരത്തെ, ചൊവ്വാഴ്ച (നവംബർ 10) അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ഹൊബാർട്ട് ഹറികെയ്‌ൻസും തമ്മിൽ നടന്ന വനിതാ ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെയും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ബാറ്റർ അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് ബൗളർ മേഗൻ ഷൂട്ടിന്റെ കയ്യിൽ തട്ടി തെറിച്ച് നേരെ പ്രധാന അമ്പയറുടെ നേർക്ക് പാഞ്ഞെങ്കിലും അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.