Featured Oddly News

സിംഹക്കുട്ടികളെ രക്ഷിക്കാൻ ബൈക്കുകൊണ്ട് ആൺസിംഹത്തിന്റെ വഴി തടഞ്ഞ് ഉദ്യോഗസ്ഥർ; ചർച്ചയായി വൈറൽ ദൃശ്യങ്ങൾ

ഗുജറാത്തിലെ ഗിർ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഒരു സിംഹത്തിന്റെ വഴി തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്യജീവി സംരക്ഷണ രീതികളെയും മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.

വനത്തിനുള്ളില്‍ സിംഹക്കുട്ടികൾ ഉള്ള പ്രദേശത്തേക്ക് കടക്കാതിരിക്കാൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ബൈക്കുകൾ ഉപയോഗിച്ച് ഒരു ആൺസിംഹത്തിന്റെ മുന്നിൽ നിർത്തി വഴി തടയുന്നതാണ് വീഡിയോയിലുള്ളത്. സിംഹക്കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ.

‘എക്സ്’ (X) ഉപയോക്താവായ @gaurravbhrdwj ആണ് ഉദ്യോഗസ്ഥർ സ്വീകരിച്ച രീതിയെ ചോദ്യം ചെയ്തുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചത്. ഉദ്ദേശ്യം നല്ലതാണെങ്കിലും ഇത്തരത്തിൽ സിംഹത്തിന്റെ വഴി തടയുന്നത് ആശങ്കാജനകമാണെന്നും വന്യജീവി സംരക്ഷണ ചട്ടങ്ങളുടെ ലംഘനമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ഇത്രയടുത്തുള്ള സാന്നിധ്യം സിംഹം സഹിച്ചതിലുള്ള ആശ്ചര്യവും അദ്ദേഹം പങ്കുവെച്ചു.

ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഉദ്യോഗസ്ഥരുടെ നടപടിയെ വിമർശിച്ചപ്പോൾ, മറ്റു ചിലർ അവരുടെ ധൈര്യത്തെയും സിംഹങ്ങളുമായുള്ള അടുപ്പത്തെയും പ്രശംസിച്ചു.

ഉദ്യോഗസ്ഥരുടെ ധൈര്യം പ്രശംസനീയമാണെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടപ്പോൾ, ഗിറിലെ മനുഷ്യരും സിംഹങ്ങളും തമ്മിലുള്ള അസാധാരണമായ സഹവർത്തിത്വത്തെക്കുറിച്ചാണ് മറ്റൊരാൾ എടുത്തുപറഞ്ഞത്. പ്രദേശവാസികൾ സിംഹങ്ങൾക്കൊപ്പം ജീവിക്കാൻ ശീലിച്ചുവെന്നും, സസ്യഭുക്കുകളായ മൃഗങ്ങളെ അകറ്റിനിർത്താൻ കൃഷിയിടങ്ങൾക്ക് സമീപം സിംഹങ്ങളുടെ സാന്നിധ്യം കർഷകർ സ്വാഗതം ചെയ്യാറുണ്ടെന്നും മൂന്നാമതൊരാൾ അവകാശപ്പെട്ടു. ഉദ്യോഗസ്ഥരെ ആക്രമിക്കാതെ സിംഹം ശാന്തമായി വഴിമാറിപ്പോയതിലുള്ള അത്ഭുതവും നിരവധി പേർ പങ്കുവെച്ചു.