ഓസ്ട്രേലിയൻ ക്രിക്കറ്റിൽ പന്തുചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ, ഉസ്മാൻ ഖവാജയ്ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ താരം സ്റ്റുവർട്ട് മാക്ഗിൽ. തൻ്റെ കരിയറിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തുചുരണ്ടിയിട്ടുണ്ടെന്നാണ് മാക്ഗിൽ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. 1998 മുതൽ 2008 വരെയുള്ള കാലയളവിൽ ഓസ്ട്രേലിയയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിച്ച താരമാണ് ഇദ്ദേഹം.
ഒരു യൂട്യൂബ് പരിപാടിയിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തള്ളവിരലിൽ സാൻഡ് പേപ്പർ കഷ്ണം ഒട്ടിച്ചുവെച്ചാണ് പന്തിൽ ഉരസിയതെന്ന് മാക്ഗിൽ പറഞ്ഞു. “സാൻഡ് പേപ്പറിൻ്റെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് തള്ളവിരലിൽ ഒട്ടിക്കുമായിരുന്നു. ആരെയും ചതിക്കാൻ വേണ്ടിയല്ല ഇത് ചെയ്തത്, മറിച്ച് എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടാണ്. എന്തായാലും അത് ഫലം കണ്ടു,” മാക്ഗിൽ വ്യക്തമാക്കി. മത്സരത്തിനിടെ എങ്ങനെയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
“മത്സരത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അമ്പയർമാർ ബൗണ്ടറി ലൈനിന് 20 മീറ്റർ അകലെയാണ് പന്ത് വെക്കാറുള്ളത്. ചായയ്ക്ക് ശേഷമുള്ള ഇടവേള കഴിഞ്ഞ് മൈതാനത്തേക്ക് ഇറങ്ങുമ്പോൾ പന്തെടുത്ത്, വിരലിൽ ഒട്ടിച്ച സാൻഡ് പേപ്പർ ഉപയോഗിച്ച് നന്നായി ഉരസും. തുടർന്ന് പന്തെറിയുന്നതിന് മുൻപ് തന്നെ ആ സാൻഡ് പേപ്പർ കഷ്ണം ഓടയിലേക്ക് ഉപേക്ഷിക്കും. പന്തിലുണ്ടാകുന്ന പോറലുകൾ അല്ലാതെ, മറ്റൊന്നും ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു,” മാക്ഗിൽ കൂട്ടിച്ചേർത്തു.
2018-ൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയിലാണ് ഓസ്ട്രേലിയൻ താരങ്ങൾ പന്തുചുരണ്ടൽ നടത്തിയത്. ഈ വിവരം ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് വിരമിച്ച താരം ഉസ്മാൻ ഖവാജ തൻ്റെ ഓർമ്മക്കുറിപ്പായ ‘സബ്രി’ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അന്ന് ടീമിൻ്റെ മുഖ്യപരിശീലകനായിരുന്ന ഡാരൻ ലേമാൻ ഈ ആരോപണം തള്ളിക്കളഞ്ഞു. തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് മിച്ചൽ സ്റ്റാർക്കും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ, ഖവാജയുടെ പുസ്തകത്തിലെ കാര്യങ്ങൾ സത്യമാണെന്ന് ശരിവെച്ചു.




