Featured The Origin Story

ഇന്ത്യയിൽനിന്ന് ആദ്യം എക്സില്‍ (ട്വിറ്റർ) അക്കൗണ്ടെടുത്തതാര്? വേലുവോ നൈനയോ? ഒടുവിൽ ആളെ കണ്ടെത്തി

ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് എക്സ്. മുൻപ് ട്വിറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്ഫോം ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷമാണ് എക്സ് ആയി മാറിയത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് ആരാണ് ആദ്യമായി എക്സ് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന കൗതുകമുള്ള ചോദ്യത്തിന് എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ട്വിറ്റർ ഉപയോക്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്നത് നൈന രേധു എന്നയാളാണെന്ന് ഗ്രോക്ക് വ്യക്തമാക്കി. 2006 ജൂലായ് 13-നാണ് ഇ-മെയിൽ ഇൻവൈറ്റിലൂടെ നൈന ട്വിറ്ററിൽ സൈൻ അപ്പ് ചെയ്തത്. സേവനം ‘twttr’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആ സമയത്താണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി നൈന പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്.

എന്നാൽ പിന്നീട് നൈന നടത്തിയ അന്വേഷണത്തിൽ വേലു അളഗിയനമ്പി എന്നയാൾ ജൂലായ് 11-ഓടെ ട്വിറ്ററിൽ ചേർന്നതായി കണ്ടെത്തി. ഇന്ത്യക്കാരനിൽ നിന്നുള്ള ഏറ്റവും പഴക്കമുള്ള ട്വീറ്റും വേലുവിന്റേതാണ്. “ഒരു ദിവസത്തെ ട്രെക്കിങ്ങിനായി പുറപ്പെടുന്നു!!” എന്ന് 2006 ജൂലായ് 12-ന് അദ്ദേഹം പങ്കുവെച്ച ട്വീറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യ ട്വിറ്റർ ഉപയോക്താവ് വേലുവാണെന്ന് ഗ്രോക്ക് സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയിലെ ആദ്യ വനിതാ ട്വിറ്റർ ഉപയോക്താവ് എന്ന വിശേഷണം നൈന രേധുവിനാണ്.

ഇന്നത്തെ പോലെ എല്ലാവർക്കും എളുപ്പത്തിൽ സൈൻ അപ്പ് ചെയ്യാവുന്ന ഒന്നായിരുന്നില്ല അന്ന് ട്വിറ്റർ. ടെക് ഡെവലപ്പർമാരും അവരുടെ സുഹൃത്തുക്കളും മാത്രമായിരുന്നു ആദ്യകാല ഉപഭോക്താക്കൾ. ഇതിനിടെ നൈന ആരാണെന്ന ചോദ്യങ്ങൾ ഉയർന്നതോടെ നവംബർ അഞ്ചിന് അവർ തന്നെ സ്വയം വിശദീകരണവുമായി രംഗത്തുവന്നു.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും കലാകാരിയും ബ്രാൻഡ് പാർട്ണറുമാണ് ഇന്ത്യൻ വംശജയായ നൈന രേധു. രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ഇവർ ഫാഷൻ, യാത്ര, ലൈഫ്‌സ്റ്റൈൽ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർട്ടിയർ, ഗൂഗിൾ, അഡോബ് തുടങ്ങി പ്രമുഖ ആഗോള ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ച നൈന, ചിത്രരചനയിലും ബ്രൂച്ചുകളുടെ നിർമാണത്തിലും സജീവമാണ്.