Featured Sports

“150-ന് മുകളിൽ അടിച്ചാലേ അച്ഛൻ സന്തോഷിക്കൂ”; സെഞ്ചുറി നേട്ടത്തിന് പിന്നിലെ കഥ പറഞ്ഞ് ആര്യവീർ സെവാഗ്

യുഎഇയ്‌ക്കെതിരായ അണ്ടർ-19 ഏഷ്യാ കപ്പ് മത്സരത്തിൽ 168 പന്തിൽ നിന്ന് 160 റൺസ് അടിച്ച് തിളങ്ങിയ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് മത്സരത്തിലെ താരം. ആര്യവീറിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ യുഎഇയെ കീഴടക്കിയ ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പിന്റെ സെമിഫൈനലിൽ ഇടംനേടുകയും ചെയ്തു. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ടീമിനായി ഒരു വലിയ ഇന്നിങ്‌സ് കളിക്കുമെന്ന് അച്ഛന് ഉറപ്പ് നൽകിയിരുന്നതായി ആര്യവീർ വ്യക്തമാക്കി.

വലിയ സ്‌കോറുകൾ നേടുമ്പോൾ മാത്രമേ അച്ഛൻ ശരിക്കും അഭിനന്ദിക്കുകയുള്ളൂ എന്നറിയാവുന്നതിനാൽ, അദ്ദേഹത്തിനായി വലിയൊരു സെഞ്ചുറി നേടുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി താരം പറഞ്ഞു. ”വെറുതെ സെഞ്ചുറി അടിച്ചതുകൊണ്ട് കാര്യമില്ലെന്നും 150-ന് മുകളിൽ റൺസ് നേടിയാൽ മാത്രമേ അച്ഛന്റെ മനസ്സുനിറഞ്ഞ സന്തോഷവും അംഗീകാരവും ലഭിക്കൂ എന്നും എനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു ഇന്നിങ്‌സ് സമ്മാനിക്കുമെന്ന് അച്ഛന് വാക്ക് നൽകി. അത് പാലിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്” – മത്സരശേഷം ആര്യവീർ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ തുടക്കത്തിൽ സ്പിൻ ബൗളർമാർക്ക് പിച്ചിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നു. തുടക്കത്തിലെ ടേണും മൂവ്മെന്റും മനസ്സിലാക്കി ക്ഷമയോടെ ബാറ്റ് വീശിയ ആര്യവീർ 68 പന്തിലാണ് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ അതിനുശേഷം ആക്രമണ ശൈലി പുറത്തെടുത്ത താരം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സറുകളും ഫോറുകളും പായിച്ചു. 17 ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആര്യവീറിന്റെ ഈ മികച്ച ഇന്നിങ്‌സ്.