യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ. വർഗീസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. പരാതിക്കാരിയുമായി നല്ല ബന്ധമാണെന്നും എന്നാൽ യുവനടി മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് തന്നെ നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഹർജിയിലുള്ളത്. അതേസമയം, ഡോക്ടറെ മർദ്ദിച്ചെന്ന കേസിൽ യുവനടി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തനിക്കെതിരായ പീഡനപരാതി, താൻ നൽകിയ ആക്രമണ പരാതിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നാണ് ഡോ. ജോൺസൺ കെ. വർഗീസ് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറായ തനിക്ക് കീഴിൽ അവർ ദീർഘകാലമായി ചികിത്സ തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒക്ടോബർ പത്തിന് നടന്നതായി പറയുന്ന സംഭവത്തിൽ നവംബർ നാലിന് ശേഷമാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. നവംബർ നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ താൻ നൽകിയ പരാതിയിൽ കേസെടുത്തതിന് ശേഷമാണ് തനിക്കെതിരെ പീഡനപരാതി ഉയർന്നതെന്നും, അതിനാൽ ഈ കേസ് പ്രതികാര നടപടിയാണോ എന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിക്കുകയും കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി വിഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് ഡോക്ടറുടെ ആരോപണം. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് നടി അയച്ച വാട്സ്ആപ് ചാറ്റുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറയുന്നു. ഒളിവിലുള്ള ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.
അതിനിടെ, ഡോക്ടറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ യുവനടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവരെ നാളെ വൈകിട്ട് അഞ്ച് മണി വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.




