ഉത്തർപ്രദേശിലെ ലോണിയിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെ വായുമലിനീകരണം ആശങ്കാജനകമായ രീതിയിൽ ഉയർന്നു. ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ദൂരമുള്ള ഈ നഗരം, ആഘോഷങ്ങൾക്ക് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ (എൻ.സി.ആർ) ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായി മാറി.
കഴിഞ്ഞ 12 മാസത്തിനിടെ ലോണിയിലെ ശരാശരി പി.എം 2.5 സാന്ദ്രത ക്യൂബിക് മീറ്ററിന് 112.5 മൈക്രോ ഗ്രാം ആയി രേഖപ്പെടുത്തി. ഇത് ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) വാർഷിക നിർദ്ദേശിത പരിധിയായ അഞ്ചിന്റെ 22 മടങ്ങിലധികമാണെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. സ്വിസ് നിരീക്ഷണ സ്ഥാപനമായ ഐ.ക്യു.എയറിന്റെ വാർഷിക റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 പ്രദേശങ്ങളിൽ ഒന്നായി ലോണി ഇടംപിടിച്ചു.
കാറ്റിൽ ഒഴുകിനടക്കുന്ന സൂക്ഷ്മ കണങ്ങളുടെ ഇത്തരം ഉയർന്ന സാന്ദ്രത ആളുകളിൽ കാൻസറിനും ഹൃദ്രോഗങ്ങൾക്കും കാരണമാകും. പലവിധ കാരണങ്ങൾ കൊണ്ടാണ് ലോണിയിലെ വായു വിഷമയമായി മാറുന്നത്.
ലോണിക്ക് ചുറ്റും നിരവധി വ്യവസായ മേഖലകളുണ്ട്. ഇവിടെനിന്ന് പുറന്തള്ളുന്ന പുക വലിയ ആശങ്ക ഉണ്ടാക്കുന്നു. പാർപ്പിട മേഖലകളിൽ പോലും പ്രവർത്തിക്കുന്ന ചെറിയ വ്യവസായങ്ങൾ ഇവിടെയുണ്ട്. ചിലർ ലോഹങ്ങൾ ഉരുകാൻ ചൂളകൾ ഉപയോഗിക്കുന്നത് ഹാനികരമായ രാസപുക ഉയർത്താൻ കാരണമാകുന്നു. തകർന്ന റോഡുകളാണ് മലിനീകരണത്തിന്റെ മറ്റൊരു കാരണം. വികസനം കുറഞ്ഞ ഈ പ്രദേശത്ത് പൊടി നിറഞ്ഞ റോഡുകളാണുള്ളത്. ഈ പൊടി തണുപ്പുകാലത്ത് വായുവിനെ കൂടുതൽ വിഷാക്തമാക്കുന്നു.
ലോണി ഡൽഹി, ഗാസിയാബാദ്, ബാഗ്പത് എന്നീ സ്ഥലങ്ങൾക്ക് ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ഡൽഹി-എൻ.സി.ആറിൽ സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് ഇവിടെ കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാണ്. അതുകൊണ്ടുതന്നെ വർഷം മുഴുവൻ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ഇത് വൻതോതിൽ മണ്ണെടുക്കുന്നതിനും പൊടിപടലങ്ങൾ ഉയരുന്നതിനും കാരണമാകുന്നു.
ഡൽഹിയെ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് ലോണിയാണ്. അടുത്തിടെ നിർമ്മിച്ച ഈസ്റ്റേൺ എക്സ്പ്രസ് വേയും ഡൽഹി-ഡെറാഡൂൺ ഹൈവേയും ലോണിക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. രാത്രിയും പകലും വലിയ ട്രക്കുകൾ ഈ റോഡുകളിലൂടെ കടന്നുപോകുന്നു. കൂടാതെ, നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ ഇവിടെ വാഹന ഗതാഗതം മറ്റുള്ള പ്രദേശങ്ങളേക്കാൾ വളരെ കൂടുതലാണ്. ഈ വാഹന മലിനീകരണവും ലോണിയെ കഠിനമായി ബാധിക്കുന്നു.
കൂടിയ ജനസാന്ദ്രതയും വികസനക്കുറവും കാരണം മാലിന്യ സംസ്കരണം ഇവിടെ വലിയൊരു പ്രശ്നമാണ്. ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ മാലിന്യം തുറസ്സായ സ്ഥലങ്ങളിൽ തള്ളുകയോ തീയിടുകയോ ചെയ്യുന്നു. ഗാർഹിക-വ്യവസായ മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് അപകടകരമായ പുകയുണ്ടാക്കുന്നു.
ബാഗ്പത് സ്ഥിതിചെയ്യുന്നത് ലോണിക്ക് അടുത്താണ്. പരമ്പരാഗത ഇഷ്ടികച്ചൂളകൾക്ക് പേരു കേട്ട സ്ഥലമാണിത്. ലോണിയുടെ ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ നിരവധി ഇഷ്ടികച്ചൂളകളുണ്ട്. ഈ ചൂളകളിൽ നിന്നുള്ള പുകയും മണ്ണെടുക്കുമ്പോൾ ഉണ്ടാകുന്ന പൊടിയും മലിനീകരണത്തിന് കാരണമാകുന്നു.
തണുപ്പുകാലത്ത് വൈക്കോൽ കത്തിക്കുന്നതിൽ നിന്നുള്ള പുക ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മലിനീകരണ കാരണങ്ങളിലൊന്നാണ്. ലോണിക്ക് അടുത്തുള്ള ഗ്രാമീണ മേഖലകളിൽ തണുപ്പുകാലം തുടങ്ങുന്നതോടെ കൃഷിയിടങ്ങളിൽ തീയിടൽ ആരംഭിക്കും. അതിനാൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനീകരണത്തിനൊപ്പം ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നിന്നുള്ള പുകയും ലോണിയെ ബാധിക്കുന്നു.
യമുനാ നദിക്കരയിലും ഗ്രാമീണ മേഖലകൾക്ക് അടുത്തായാണ് ലോണി സ്ഥിതിചെയ്യുന്നത്. ഇത് മൂലം അന്തരീക്ഷ താപനില മറ്റുള്ള പ്രദേശങ്ങളേക്കാൾ കുറവായിരിക്കും. തരാതലത്തിലെ താപനില കുറയുമ്പോൾ, മലിനീകരണ കണങ്ങൾ വായുവിൽ കലരുന്ന ഉയരവും കുറയുന്നു. താഴ്ന്ന ഉയരത്തിലുള്ള ഈ കണങ്ങൾ വായുവിലെ ഈർപ്പത്തിൽ കുടുങ്ങി പ്രദേശവാസികൾക്ക് കൂടുതൽ അപകടകരമായി മാറുന്നു.
സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ പി.എം 2.5 പോലുള്ള പൊടിപടലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ലോണിയിൽ ഈ രാസവസ്തുക്കൾ സമൃദ്ധമായതിനാൽ, ഇവയും പൊടിയും തമ്മിലുള്ള രാസപ്രവർത്തനം കൂടുതൽ അപകടകരമായ മൂന്നാമതൊരു രാസവസ്തു ഉണ്ടാക്കുകയും വായുവിനെ കൂടുതൽ വിഷമയമാക്കുകയും ചെയ്യുന്നു.
ഡൽഹി-എൻ.സി.ആറിന്റെ ഭാഗമായതിനാൽ ഡൽഹിയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും ലോണിയെയും ബാധിക്കുന്നുണ്ട്. കൂടാതെ ഗാസിയാബാദ്, നോർത്ത് ഈസ്റ്റ് ഡൽഹി തുടങ്ങിയ അടുത്ത പ്രദേശങ്ങളിൽ വാഹനങ്ങളുടെ എണ്ണം തുടർച്ചയായി കൂടുകയാണ്. ഡൽഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ഈ വാഹന മലിനീകരണം ലോണിയെയും ബാധിക്കുന്നു.
ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) രാവിലെ 8:10-ന് 483 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഷാഹ്ദര, സൗത്ത് ഡൽഹിയിലെ ഡിഫൻസ് കോളനി എന്നീ സ്ഥലങ്ങളിൽ എ.ക്യു.ഐ 1,000-ന് മുകളിലാണെന്ന് ഐ.ക്യു.എയർ ഉൾപ്പെടെയുള്ള സ്വകാര്യ നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.




