Featured Oddly News

തന്റെ മുൻകാമുകിക്ക് ഇപ്പോള്‍ കാമുകനുണ്ടോ? വിവരങ്ങൾതേടി 97 അപേക്ഷകൾ; “ഇനി വന്നാൽ മാനസികാരോഗ്യകേന്ദ്രത്തിലയയ്ക്കുമെന്ന് യുവാവിനോട് കമ്മീഷന്‍

ചെന്നൈ: മുൻ പെൺസുഹൃത്തിന്റെ സ്വകാര്യ വിവരങ്ങൾ തേടി പൊലീസിന് 97 വിവരാവകാശ അപേക്ഷകൾ സമർപ്പിച്ച യുവാവിന് തമിഴ്നാട് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷവിമർശനവും താക്കീതും. വില്ലുപുരം സ്വദേശിയായ എ.സന്തോഷ് സമർപ്പിച്ച 1,887 ചോദ്യങ്ങളടങ്ങിയ അപേക്ഷകൾ വിവരാവകാശ കമ്മീഷണർ വി.പി.ആർ. ഇളമ്പരിതി പൂർണ്ണമായും തള്ളി. നിയമം ദുരുപയോഗം ചെയ്ത് ഇത്തരം അനാവശ്യ അപേക്ഷകൾ അയക്കുന്നത് തുടർന്നാൽ യുവാവിനെ മാനസികാരോഗ്യ കൗൺസിലിങ്ങിന് അയക്കാൻ നിർബന്ധിതരാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

മുൻ പെൺസുഹൃത്ത് മറ്റാരുമായെങ്കിലും പ്രണയത്തിലാണോ, എത്ര പേരെ ഇവർ വഞ്ചിച്ചിട്ടുണ്ട്, വിവാഹിതയാണോ, എവിടെയാണ് താമസം, എവിടെയാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളാണ് സന്തോഷ് വിവരാവകാശ നിയമപ്രകാരം തേടിയത്. ഇതിന് പുറമെ പെൺകുട്ടിയുടെ ഫോട്ടോയും വിവിധ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

കമ്മീഷന് മുന്നിൽ ഹാജരായ കടലൂർ ജില്ലാ അഡീഷണൽ സൂപ്രണ്ട് (പബ്ലിക് ഇൻഫർമേഷൻ ഓഫീസർ) കേസിന്റെ പശ്ചാത്തലം വിശദീകരിച്ചു. 2024-ൽ കോളേജ് പഠനകാലത്ത് സന്തോഷും യുവതിയും പ്രണയത്തിലായിരുന്നുവെന്നും പഠനശേഷം ഇരുവരും വേർപിരിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും സന്തോഷ് ശല്യം ചെയ്യുന്നത് തുടർന്നതോടെ 2025 ജൂണിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് സിഎസ്ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് യുവാവ് തുടർച്ചയായി വിവരാവകാശ അപേക്ഷകൾ അയച്ചു തുടങ്ങിയത്. ഒരു അപേക്ഷയിൽ മാത്രം 179 ഉപചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 68 ചോദ്യങ്ങൾ വിവിധ തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ളതായിരുന്നു. യുവതി ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാൻ പോലും ഇയാൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

സാധാരണക്കാരന് അഴിമതി തുറന്നുകാട്ടാനും ഭരണസംവിധാനത്തിന് മേൽ അവകാശം ഉറപ്പാക്കാനും ലഭിച്ച ശക്തമായ ആയുധമാണ് വിവരാവകാശ നിയമമെന്ന് കമ്മീഷണർ വി.പി.ആർ. ഇളമ്പരിതി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു പെൺകുട്ടിയുടെ ചിത്രമടക്കം ആവശ്യപ്പെട്ടുകൊണ്ട് ഈ നിയമത്തെ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നതിന്റെ ഉദാഹരണമാണ് ഈ കേസ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു. നീതിക്കായി കോടതിയെ സമീപിക്കുമെന്ന് സന്തോഷ് വ്യക്തമാക്കിയതോടെ കമ്മീഷൻ ഈ ഹരജി തീർപ്പാക്കുകയായിരുന്നു.