28 വർഷം കൊണ്ട് 31,000 മൈൽ ദൂരം ലോകമെമ്പാടും നടന്നു തീർത്ത ശേഷം ബ്രിട്ടീഷ് സാഹസികനായ കാൾ ബുഷ്ബി ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തി. 57 കാരനായ ഈ മുൻ ബ്രിട്ടീഷ് ആർമി പാരട്രൂപ്പർ നവംബർ 2-നാണ് ഇംഗ്ലണ്ടിലെ മണ്ണിൽ കാലുകുത്തിയത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കാൽനട യാത്രകളിൽ ഒന്നാണ് പൂർത്തിയായത്.
വടക്കൻ ഇംഗ്ലണ്ടിലെ ഹൾ നഗരത്തിൽ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കാൻ തടിച്ചുകൂടിയത്. തന്റെ വീടിന് പുറത്തുവെച്ച് അമ്മ ആഞ്ചല ബുഷ്ബിയെ കെട്ടിപ്പിടിച്ച നിമിഷം ഏവരെയും വികാരഭരിതരാക്കി. ‘വെൽക്കം ഹോം സൺ’ എന്ന ബാനർ ഉയർത്തിയാണ് മൂന്ന് പതിറ്റാണ്ട് നീണ്ട ആ കാത്തിരിപ്പിന് കുടുംബം വിരാമമിട്ടത്.
1998 നവംബറിലാണ് ‘ഗോലിയാത്ത് എക്സ്പെഡിഷൻ’ എന്ന് പേരിട്ട ഈ സാഹസിക യാത്ര ബുഷ്ബി ആരംഭിക്കുന്നത്. ദക്ഷിണ ചിലിയിലെ പുന്ത അരീനാസിൽ നിന്ന് ഒരു ബാഗും ടെന്റും കുറച്ച് പണവും ഒരു ചെറിയ ക്യാമറയുമായാണ് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. ഗതാഗത മാർഗ്ഗങ്ങളൊന്നും ഉപയോഗിക്കാതെ നടന്നു മാത്രം സ്വന്തം നാട്ടിൽ എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പനാമയ്ക്കും കൊളംബിയയ്ക്കുമ ഇടയിലുള്ള അപകടകരമായ ഡാരിയൻ ഗ്യാപ്പ് കാടുകൾ, അലാസ്കയെയും റഷ്യയെയും വേർതിരിക്കുന്ന ബെറിംഗ് കടലിടുക്ക്, കാസ്പിയൻ കടൽ എന്നിവയൊക്കെ കടന്നായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
പാതയോരങ്ങളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ സ്നേഹവും പിന്തുണയുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ബുഷ്ബി പറഞ്ഞു. ഇത് ശാരീരികമായ ഒരു അതിജീവന പോരാട്ടം മാത്രമായിരുന്നില്ലെന്നും മനുഷ്യബന്ധങ്ങളുടെയും സഹായമനസ്കതയുടെയും തെളിവായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
1969 മാർച്ച് 30-ന് ജനിച്ച ബുഷ്ബി 11 വർഷം ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക ജീവിതത്തിൽ നിന്നുള്ള പരിശീലനവും അച്ചടക്കവുമാണ് ഈ കഠിനമായ യാത്ര പൂർത്തിയാക്കാൻ അദ്ദേഹത്തിന് കരുത്ത് പകർന്ന്. മൂന്ന് പതിറ്റാണ്ട് നീണ്ട ഈ ചരിത്ര യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പ്രഭാഷണ പരമ്പരകളും ഉടൻ പുറത്തിറങ്ങും.




