Travel

4 തവണ ചെയിൻ വലിച്ചിട്ടും ആരുമെത്തിയില്ല! 2.5 ലക്ഷം കവർന്നു; ഫസ്റ്റ് എസിയിലും സുരക്ഷയില്ല!- ട്രെയിൻ യാത്രക്കാരിയുടെ വീഡിയോ വൈറൽ

ആനന്ദ് വിഹാർ ടെർമിനൽ – ന്യൂ ജൽപായ്ഗുഡി എക്സ്പ്രസിന്റെ ഫസ്റ്റ് എസി കൂപ്പയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയി. ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. കുഞ്ഞുമൊത്ത് യാത്ര ചെയ്തിരുന്ന ഈ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് സുരക്ഷാ വീഴ്ചകളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലഖ്‌നൗ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത്, പൂട്ടിയിട്ടിരുന്ന തന്റെ ഫസ്റ്റ് എസി കംപാർട്ട്‌മെന്റിൽ ആരോ അനായാസം അതിക്രമിച്ചു കയറിയാണ് മോഷണം നടത്തിയതെന്ന് യുവതി പറഞ്ഞു. ഉയർന്ന തുക നൽകി യാത്ര ചെയ്യുന്ന പ്രീമിയം കോച്ചുകളിൽ പോലും സുരക്ഷയില്ലെന്ന് അവർ ആരോപിച്ചു. ഭാഗ്യം കൊണ്ടാണ് തന്റെ കുഞ്ഞിനെ തട്ടിയെടുക്കാതിരുന്നതെന്നും പണവും ആഭരണങ്ങളും പോയെങ്കിലും കുട്ടി സുരക്ഷിതനായിരിക്കുന്നതിൽ ആശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സഹായത്തിനായി നാല് തവണ ട്രെയിനിലെ എമർജൻസി ചെയിൻ വലിച്ചിട്ടും റെയിൽവേ ജീവനക്കാരോ റെയിൽവേ സംരക്ഷണ സേനയോ (ആർ.പി.എഫ്) സഹായിക്കാൻ എത്തിയില്ലെന്നും യുവതി വ്യക്തമാക്കി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോർത്തേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷൻ വിഷയത്തിൽ ഇടപെടുകയും ആർ.പി.എഫിനോടും ഉത്തർപ്രദേശ് ജി.ആർ.പിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ട്രെയിൻ നമ്പർ 15726-ൽ നടന്ന ഈ സംഭവം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് വഴിതെളിച്ചിട്ടുണ്ട്.