ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വലിയ വിവാദമാകുന്നു. ഒക്ടോബർ 31-ന് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിലാണ് രന്യയും കുടുംബവും ദർശനം നടത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവിനൊപ്പമെത്തിയ രന്യ, അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സ്വർണക്കടത്ത് കേസ് പ്രതിക്ക് പൊലീസ് സംരക്ഷണത്തിൽ പ്രത്യേക വിഐപി പരിഗണന നൽകിയതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും കണ്ണിൽ ഒരുപക്ഷേ രന്യ റാവു ഒരു വിഐപിയായിരിക്കാം എന്ന് ബിജെപി എംഎൽസി സി.ടി. രവി പരിഹസിച്ചു.
ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലുമായി ഒളിപ്പിച്ച് 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നടി രന്യ റാവു അറസ്റ്റിലായത്. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് ഒരു കിലോഗ്രാം സ്വർണം എത്തിക്കുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ കമ്മിഷൻ വാങ്ങിയിരുന്ന രന്യ, സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ രന്യയുടെ പേരുമുണ്ട്. ഒരു വർഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ഇഡി കുറ്റപത്രത്തിലുള്ളത്. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടിയ്ക്ക് 102 കോടി രൂപ പിഴയും ചുമത്തിയിരുന്നു.




