മട്ടാഞ്ചേരി: വാറന്റ് പ്രതിയെ പിടികൂടാനായി ഫോർട്ട് കൊച്ചിയിലെത്തിയ എക്സൈസ് സംഘത്തിന് വീടുമാറിക്കയറി അമളി പറ്റി. ഇടുക്കി കട്ടപ്പനയിൽ നിന്നുള്ള എക്സൈസ് സംഘമാണ് ഇന്നലെ പുലർച്ചെ നാലരയോടെ ഫോർട്ട് കൊച്ചി അധികാരി വളപ്പിന് സമീപമുള്ള ഫെർണാണ്ടസ് ഗാർഡനിൽ അബദ്ധത്തിൽ കയറിയത്.
മലപ്പുറം ഇടപ്പാൾ സ്വദേശികളായ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് എക്സൈസ് സംഘം എത്തിയത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിയിലായിരുന്നതിനാൽ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. എക്സൈസ് ആണെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ ജനലിലൂടെ ടോർച്ചടിക്കുകയും വാതിൽ തുറന്നില്ലെങ്കിൽ പൊളിച്ചു അകത്തുകയറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. കള്ളന്മാരാണെന്ന് കരുതി ഭയന്ന യുവതി ഉടൻ തന്നെ ഫോർട്ട് കൊച്ചിയിൽ ജോലിയിലായിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. സംഘത്തിൽ ഒരു വനിതാ ഓഫീസറുമുണ്ടായിരുന്നു.
സ്ഥലത്തെത്തിയ ഭർത്താവ് എക്സൈസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ അവർ തയ്യാറായില്ല. ഇതിനിടെ അയൽവാസികൾ കൂടിച്ചേർന്നതോടെ അപകടം മനസ്സിലാക്കിയ എക്സൈസ് സംഘം അവിടെനിന്ന് കടന്നുകളഞ്ഞു. സംഭവത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യഥാർത്ഥ വാറന്റ് പ്രതിയുടെ വീട്ടിലാണ് എക്സൈസ് ആദ്യം എത്തിയതെങ്കിലും അവിടെയുള്ളവർ തെറ്റായ വീട് കാണിച്ചുകൊടുത്ത് പറ്റിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ അവസരം മുതലെടുത്ത് പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. അതേസമയം, പരാതി നൽകാനായി യുവതിയുടെ ഭർത്താവ് ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി സ്വീകരിക്കാൻ പോലീസ് കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ നീതി തേടി അധികൃതരെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.




