Good News

ഒരു ഹൃദയാഘാതം പ്രണയത്തെ തിരികെ കൊണ്ടുവന്നു; അഞ്ചുവര്‍ഷം നിയമപോരാട്ടം നടത്തി പിരിഞ്ഞ ദമ്പതികള്‍ ഒന്നിച്ചു

ഒരൊറ്റ ഹൃദയാഘാതം മതിയായിരുന്നു അവരുടെ തകര്‍ന്നുകിടന്ന പ്രണയത്തെ തിരികെ കൊണ്ടുവരാന്‍. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹ മോചിതരായ ദമ്പതികള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 2018ല്‍ വിവാഹമോചനം നേടിയ ഗാസിയാബാദിലെ കൗശാമ്പിയില്‍ നിന്നുള്ള വിനയ് ജയ്‌സ്വാള്‍ പൂജാ ചൗധരി ദമ്പതികളാണ് വീണ്ടും ഒരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ഇരുവരും നവംബര്‍ 23 ന് ഗസിയാബാദ് കാവി നഗറിലെ ആര്യസമാജ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് ചികിത്സയിലിരിക്കെയാണ് ഇവര്‍ അനുരഞ്ജനത്തിലായത്. വിനയ് ജയ്സ്വാളും പൂജ ചൗധരിയും 2012 ലായിരുന്നു ആദ്യം വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. കാര്യങ്ങള്‍ വഷളായതോടെ അവര്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഗസിയാബാദിലെ കുടുംബക്കോടതിയില്‍ തുടങ്ങി ഹൈക്കോടതി വഴി സുപ്രീംകോടതി വരെ അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2018 ല്‍ ഇരുവരും പിരിയുകയായിരുന്നു.

എന്നാല്‍ ഈ ആഗസ്റ്റില്‍ വിനയ്ക്ക് പെട്ടെന്നുണ്ടായ ഹൃദയാഘാതം ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചു. വിനയ്യ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നു. ഈ വിവരം അറിഞ്ഞ പൂജ ഉത്ക്കണ്ഠാകുലയായി മാറുകയും മുന്‍ ഭര്‍ത്താവിന്റെ ക്ഷേമം അറിയാനായി ആശുപത്രിയിലേക്ക് നേരിട്ടെത്തുകയുമായിരുന്നു. രണ്ടുപേരും കുറേ സമയം ഒരുമിച്ച് ചെലവഴിച്ചതോടെ വീണ്ടും പ്രണയത്തിലായി. ഇതോടെ അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ച് വീണ്ടും വിവാഹിതരാകാനും ഇനിയൊരിക്കലും പിരിയരുതെന്നും തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 23 ന് വീണ്ടും വിവാഹിതരാകുകയും ചെയ്തു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജരാണ് വിനയ് ജയ്‌സ്വാള്‍. പൂജാ ചൗധരി പാറ്റ്‌നയില്‍ ടീച്ചറുമാണ്.