Oddly News

മുട്ട താർട്ടിനു മുകളിൽ ‘വമ്പൻ പാറ്റ’! ഭക്ഷണപ്രിയരെ ഞെട്ടിച്ച് ചൈനീസ് വിഭവം! സോഷ്യൽ മീഡിയയിൽ വൈറൽ!

തെക്കൻ ചൈനയിലെ ഒരു റെസ്റ്റോറന്റ് പാറ്റയ്ക്ക് സമാനമായ ഭീമാകാരമായ പ്രാണി വച്ച് തയ്യാറാക്കിയ വിചിത്രമായ ഡെസേർട്ട് (Dessert) വിളമ്പിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഷുണ്ടേയിലെ (Shunde) ഒരു റെസ്റ്റോറന്റാണ് പരമ്പരാഗത കാന്റനീസ് എഗ്ഗ് ടാർട്ടുകൾക്ക് (Egg tarts) മുകളിൽ വറുത്ത പ്രാണികളെ വെച്ച് ഉപഭോക്താക്കൾക്ക് നൽകിയത്.

‘വാട്ടർ റോച്ച് എഗ്ഗ് ടാർട്ടുകൾ’ (Water roach egg tarts) എന്ന പേരിൽ അവതരിപ്പിച്ച ഈ വിഭവത്തിന്റെ മൂന്നെണ്ണമടങ്ങുന്ന ഒരു സെറ്റിന് 28 യുവാൻ (ഏകദേശം 330 ഇന്ത്യൻ രൂപ) ആണ് വില. എഗ്ഗ് ടാർട്ടിന്റെ മധുരമുള്ള ഭാഗത്തിന് മുകളിലാണ് തിളങ്ങുന്ന പ്രാണിയെ വച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഭയമുണർത്തുന്ന രൂപമാണെങ്കിലും, ഇവ യഥാർത്ഥത്തിൽ ഗുവാങ്ഡോങ് (Guangdong) പ്രവിശ്യയിലെ പ്രശസ്തമായ ഒരു പ്രാദേശിക വിഭവമായ ‘വാട്ടർ ബീറ്റിലുകൾ’ (Water beetles) ആണ്.

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും ഭക്ഷണരീതിയിലും ഈ പ്രാണികളെ മൊരിയിച്ച് വറുത്ത് ലഘുഭക്ഷണമായി കഴിക്കാറുണ്ട്. രക്തയോട്ടം കൂട്ടാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പേശികൾക്ക് കരുത്ത് നൽകാനും ഇവ സഹായിക്കുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. മധുരവും എരിവും കലർന്ന ഈ വിഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കാഴ്ചയിൽ തന്നെ അറപ്പ് തോന്നുന്ന ഇത് ഒരിക്കലും ഭക്ഷണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പലരും കുറിച്ചപ്പോൾ, ഇത്തരം പ്രാണികൾക്ക് ഉയർന്ന ഔഷധഗുണമുണ്ടെന്നും വൻ വിലയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.