Featured Good News

200 രൂപയുടെ കൂപ്പണ്‍, 6 വയസ്സുകാരന് സമ്മാനം 50 ലക്ഷത്തിന്റെ ഫോർച്യൂണർ കാര്‍! നാടൊട്ടുക്കും ആഘോഷം!

മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആറുവയസ്സുകാരനായ കുട്ടിക്ക് ഗർബ ആഘോഷത്തിനിടെ എടുത്ത 200 രൂപയുടെ ലക്കി ഡ്രോ കൂപ്പണിലൂടെ 50 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ കാർ സമ്മാനമായി ലഭിച്ചു. സീലംപുര സ്വദേശിയായ മേദാൻഷ് റൈക്വാർ എന്ന കുട്ടിയാണ് അഭാപുരിയിലെ ശ്രീ സർക്കാർ ധാമിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

മേദാൻഷിന്റെ മുത്തശ്ശി കിരൺ റൈക്വാറാണ് കഴിഞ്ഞ വർഷം ഗർബ ആഘോഷത്തിൽ പങ്കെടുക്കവേ പേരക്കുട്ടിയുടെ പേരിൽ 200 രൂപ നൽകി ലക്കി ഡ്രോ ടിക്കറ്റ് എടുത്തത്. 2026-ൽ ലക്കി ഡ്രോ ഫലം പ്രഖ്യാപിച്ചപ്പോൾ മേദാൻഷിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. സ്വന്തമായൊരു കാർ വേണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കുടുംബത്തിന് ഈ അപ്രതീക്ഷിത വിജയം വലിയ സന്തോഷമായി.

സമ്മാനവിവരം അറിഞ്ഞതോടെ അയൽവാസികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. മേളവാദ്യങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ മേദാൻഷിനെ സ്വീകരിച്ചത്. പുതിയ കാർ ലഭിച്ചതിന് പിന്നാലെ കുടുംബം പ്രത്യേക പൂജയും വഴിപാടുകളും നടത്തി. 200 രൂപയുടെ കൂപ്പണിലൂടെ ഇത്രയും വലിയൊരു സമ്മാനം തേടിയെത്തിയ വാർത്ത സമൂഹമാധ്യമങ്ങളിലും വൻ ശ്രദ്ധ നേടിയിട്ടുണ്ട്.