Oddly News

ടിവി അവതാരകൻ ഡ്രോൺ തൊഴിച്ചു തെറിപ്പിച്ചു; മോഡല്‍ ഇസബെല്ല റോജസിന്റെ മുഖത്ത് അടിച്ച് പരിക്ക്! ദൃശ്യങ്ങൾ വൈറൽ!

മെക്സിക്കോയിലെ മോണ്ടെറെയിൽ തത്സമയ ടെലിവിഷൻ പരിപാടിക്കിടെ അവതാരകൻ എർനെസ്റ്റോ ചവാന ഡിജെ ഡ്രോൺ തൊഴിച്ചുവിട്ടത് മോഡൽ ഇസബെല്ല റോജസിന്റെ മുഖത്തടിച്ച് അപകടം. മൾട്ടിമീഡിയോസ് കനാൽ 6-ൽ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ‘എസ് ഷോ’ (Es Show) എന്ന വിനോദ പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അവതാരകനും നർത്തകരും മോഡലുകളും സ്റ്റുഡിയോയിൽ നിൽക്കുമ്പോഴാണ് തറയിലിരുന്ന ചെറിയ കറുത്ത ഡ്രോൺ ചവാന ശക്തിയായി തൊഴിച്ചത്. തെറിച്ചുപോയ ഡ്രോൺ തൊട്ടുപിന്നിൽ നിന്ന ഇസബെല്ലയുടെ വായയിലും മുഖത്തും ശക്തമായി ഇടിക്കുകയായിരുന്നു. വേദനകൊണ്ട് പിടഞ്ഞ ഇസബെല്ല മുഖംപൊത്തി ഉടൻതന്നെ സെറ്റിൽ നിന്ന് പുറത്തുപോയി. സഹപ്രവർത്തകർ പ്രഥമശുശ്രൂഷ നൽകാൻ അടുത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

‘ലാ കൊളംബിയാന’ എന്ന പേരിൽ പ്രശസ്തയായ ഇസബെല്ലയ്ക്ക് ക്യാമറയ്ക്ക് പുറത്ത് വച്ച് വൈദ്യസഹായം നൽകി. ചുണ്ടിന് പരിക്കേറ്റെങ്കിലും താൻ സുഖമായിരിക്കുന്നുവെന്ന് മോഡൽ പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇസബെല്ലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചാനൽ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അവതാരകൻ ചവാന, മോഡലിന്റെ ചികിത്സാച്ചെലവുകൾ വഹിക്കാമെന്ന് സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു.

തത്സമയ പരിപാടിക്കിടെ ഡ്രോൺ നീക്കം ചെയ്യാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുന്നതിന് പകരം അത് കാൽകൊണ്ട് തൊഴിച്ചുവിട്ട അവതാരകന്റെ നടപടിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇത്തരം ഉപകരണങ്ങൾ തത്സമയ ഷോകളിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നുണ്ട്.