Featured Oddly News

സോഷ്യൽ മീഡിയയിൽ 21 ലക്ഷം ഫോളോവേഴ്‌സ്, കിട്ടിയത് വെറും 33 വോട്ട്! പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇൻഫ്ലുവൻസർക്ക് വൻ തോൽവി !

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഇൻഫ്ലുവൻസർ ഓം പ്രകാശ് ബിഷ്‌ണോയിക്ക് രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രം. ജോധ്പൂർ ജില്ലയിലെ ഇന്തോ കി ധാനി ഗ്രാമപഞ്ചായത്തിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ച ബിഷ്‌ണോയിയുടെ ദാരുണ പരാജയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. 16 ജില്ലകളിലെ 3,314 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026-ന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോഴാണ് ഈ അപൂർവ്വ സംഭവം പുറംലോകമറിഞ്ഞത്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 2.1 ദശലക്ഷത്തിലധികം (21 ലക്ഷം) ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഓം പ്രകാശ് ബിഷ്‌ണോയി. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.4 ദശലക്ഷത്തിലധികം ആരാധകരും ഫേസ്ബുക്കിൽ 2.32 ലക്ഷം പേരും യൂട്യൂബിൽ അഞ്ച് ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരും ഇയാൾക്കുണ്ട്. ലഹരിമുക്ത ഗ്രാമം എന്ന ആശയം മുൻനിർത്തിയായിരുന്നു ബിഷ്‌ണോയി പ്രചാരണം നടത്തിയത്. ഇയാളുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ലഹരിവസ്തുക്കൾ പൂർണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഡിജിറ്റൽ ജനപ്രീതി വോട്ടായി മാറിയില്ല. സ്വന്തം ഗ്രാമത്തിലെ 1,600-ഓളം വോട്ടർമാരിൽ വെറും 33 പേർ മാത്രമാണ് ഇയാൾക്ക് വോട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗ്രാമത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. തനിക്ക് വോട്ട് ചെയ്ത 33 പേർ തന്റെ സ്വന്തം കുടുംബാംഗങ്ങളാണെന്ന് ഇയാൾ തമാശയോടെ കുറിച്ചു. പരാജയപ്പെട്ടെങ്കിലും ലഹരിവസ്തുക്കൾ ഒട്ടും ഉപയോഗിക്കാതെ പ്രചാരണം നടത്താൻ സാധിച്ചത് വലിയൊരു നേട്ടമായി കരുതുന്നുവെന്നും ഇയാൾ പറഞ്ഞു. പിന്നീട് ജയിച്ച സ്ഥാനാർത്ഥിയുടെ വീട്ടിലെത്തി രാജസ്ഥാനി തലപ്പാവ് അണിഞ്ഞ് സ്വീകരണം ഏറ്റുവാങ്ങുന്ന വീഡിയോയും ബിഷ്‌ണോയി പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ലൈക്കുകളും ഫോളോവേഴ്‌സും യഥാർത്ഥ ജീവിതത്തിലെ ജന പിന്തുണയ്ക്ക് പകരമാവില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.