Sports

ഇഷാൻ മൂന്നാം ട്വന്റി-20യിലും പുറത്ത്; വൈഭവ് തുടരും; സഞ്ജുവിന്റെ സ്ഥാനം മാറുമോ?

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ കളിക്കില്ല. കാലിന്റെ പേശീവലിവിനെ തുടർന്ന് വിശ്രമത്തിലുള്ള കിഷന് പകരക്കാരനായി കുമാർ കുശാഗ്രയെ ബിസിസിഐ നിർദേശിച്ചെങ്കിലും, വൈഭവ് സൂര്യവംശിയെത്തന്നെ പ്ലേയിങ് ഇലവനിൽ നിലനിർത്താനാണ് മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് വിവരം. അടുത്ത മത്സരത്തിലും വൈഭവ് മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കളിയിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ വൈഭവിന് എട്ടു പന്തിൽ നാലു റൺസ് മാത്രമാണ് നേടാനായത്.

ആദ്യ ട്വന്റി-20 മത്സരത്തിനിടെ പരുക്കേറ്റ ഇഷാൻ കിഷൻ നിലവിൽ പേശീവലിവിൽ നിന്ന് മുക്തനായി വരുന്നതേയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചു. പൂർണ കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ വെല്ലിങ്ടണിൽ നടക്കുന്ന മൂന്നാം ട്വന്റി-20യിൽ താരം കളിക്കില്ലെന്നും, താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം കുമാർ കുശാഗ്ര ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.

ഇഷാൻ കിഷന്റെ അഭാവത്തിൽ അടുത്ത മത്സരത്തിലെ ടീം കോമ്പിനേഷൻ എങ്ങനെയായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സീനിയർ ടീമിൽ ഇതുവരെ ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള വൈഭവിനെ മൂന്നാം നമ്പറിലിറക്കിയത് അനുയോജ്യമായ തീരുമാനമല്ലെന്ന് ആർ. അശ്വിൻ അടക്കമുള്ള മുൻതാരങ്ങൾ വിലയിരുത്തി. സഞ്ജു സാംസണെ മൂന്നാം നമ്പറിലിറക്കി വൈഭവിനെ ഓപ്പണിങ് സ്ഥാനത്ത് തന്നെ നിലനിർത്തണമെന്നാണ് അശ്വിൻ ആവശ്യപ്പെട്ടത്. മൂന്നാം നമ്പറിൽ പന്തിന്റെ ടൈമിങ് പോലും കണ്ടെത്താൻ ബുദ്ധിമുട്ടിയ വൈഭവിനെ സഹായിക്കാൻ ക്രീസിൽ മറ്റൊരു സീനിയർ താരം ഉണ്ടായിരുന്നില്ലെന്നും, ഇത് വൈഭവിന് പറ്റിയ ബാറ്റിങ് പൊസിഷനല്ലെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

മുൻ ഇന്ത്യൻ താരം മുരളി കാർത്തികും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഓപ്പണറെന്ന നിലയിൽ മാത്രം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള വൈഭവിനെ മധ്യനിരയിൽ കളിപ്പിക്കുന്നത് ഉചിതമല്ലെന്ന് കാർത്തിക് പറഞ്ഞു. പ്രായത്തിൽ വളരെ ചെറിയ കുട്ടിയായ വൈഭവിന് ഒരു പ്രത്യേക രീതിയിൽ മാത്രമേ ബാറ്റ് ചെയ്യാൻ അറിയൂ എന്നും, മറ്റ് ബാറ്റിങ് പൊസിഷനുകളിലേക്ക് ഇറങ്ങേണ്ടത് പരിചയസമ്പന്നരായ സീനിയർ താരങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ ഓപ്പണറായി തന്നെ ഇറക്കണമെന്നാണ് കാർത്തിക് കൂട്ടിച്ചേർത്തത്.