Good News

മകളെ കാണണം ! ആക്രമണത്തില്‍ മുറിഞ്ഞ അഴുകിയ കാൽ സ്വയം മുറിച്ചുമാറ്റി ! സൈനികന് ആകാശ മാർഗ്ഗം അത്ഭുത രക്ഷപ്പെടൽ

റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി സ്വന്തം പാദം മുറിച്ചുമാറ്റേണ്ടി വന്ന യുക്രൈൻ സൈനികനെ ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തകർന്ന ഒരു സ്കൂളിലെ ബോയിലറിന് താഴെയുള്ള ചെറിയൊരു കുഴിയിൽ എട്ട് മാസത്തോളമാണ് ഈ 49-കാരൻ കഴിഞ്ഞുകൂടിയത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ഡ്രോണാക്രമണത്തിൽ ഒരു പാദം നഷ്ടപ്പെട്ട ഇദ്ദേഹം, അഴുകിത്തുടങ്ങിയ മറ്റേ പാദം കത്തിയുപയോഗിച്ച് സ്വന്തമായി മുറിച്ചുമാറ്റുകയായിരുന്നു. ചുറ്റും റഷ്യൻ ഡ്രോണുകൾ നിരീക്ഷണം നടത്തിയിരുന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ച രണ്ട് റോബോട്ടുകൾ ആക്രമണത്തിൽ തകരുകയും ചെയ്തു.

ഒക്ടോബർ ആദ്യവാരം ഡ്രോൺ വഴി അയച്ച സാധനങ്ങൾക്കിടയിൽ ഒരു പ്രത്യേക ബെൽറ്റും നിർദ്ദേശങ്ങൾ അടങ്ങിയ ഫോണും ഇദ്ദേഹത്തിന് ലഭിച്ചു. തൊട്ടടുത്ത ദിവസം എത്തിയ വലിയൊരു ആറ് പ്രൊപ്പല്ലർ ഡ്രോണിന്റെ ഹുക്കിൽ വ്ലാസെങ്കോ സ്വയം ബന്ധിപ്പിച്ചു. തുടർന്ന് ഡ്രോൺ 70 മീറ്റർ ഉയരത്തിലേക്ക് അദ്ദേഹത്തെ ഉയർത്തുകയും, യുദ്ധമുഖത്തിലൂടെ 15 കിലോമീറ്റർ അകലെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു.

വ്ലാസെങ്കോ ക്രൈവി റിഹ് സ്വദേശിയും 30-ാം മെക്കനൈസ്ഡ് ബ്രിഗേഡിലെ സൈനികനുമാണ്. യുദ്ധത്തിന് മുൻപ് ക്വാറിയിൽ വലിയ ട്രക്കുകൾ ഓടിച്ചിരുന്ന അദ്ദേഹം സ്വമേധയാ സൈന്യത്തിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം മുൻനിര പോസ്റ്റിലേക്ക് അയക്കപ്പെട്ട ഇദ്ദേഹം, ശത്രുക്കളുടെ ഡ്രോൺ ആക്രമണം ശക്തമായതോടെ സഹപ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തനിക്കായി മറ്റാരുടെയും ജീവൻ അപകടത്തിലാക്കരുതെന്ന് കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു.

ഫെബ്രുവരിയിൽ ഉണ്ടായ ആക്രമണത്തിൽ കൂടെയുണ്ടായിരുന്നയാൾ കൊല്ലപ്പെടുകയും വ്ലാസെങ്കോയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബോയിലറിന് താഴെയുള്ള ചെറിയ കുഴിയിലേക്ക് ഇഴഞ്ഞുനീങ്ങിയ അദ്ദേഹത്തിന് ഡ്രോണുകൾ വഴിയാണ് ഭക്ഷണവും മരുന്നും ഫോൺ സൗകര്യവും എത്തിച്ചു നൽകിയിരുന്നത്. പരിക്കേറ്റ വലതുകാലിലെ അസ്ഥി പുറത്തുവരാൻ തുടങ്ങിയതോടെയാണ് അദ്ദേഹം സ്വയം പാദം മുറിച്ചുമാറ്റാൻ നിർബന്ധിതനായത്.

ആറുമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഡ്രോൺ ഉപയോഗിച്ചുള്ള ഈ വിപ്ലവാത്മക രക്ഷാപ്രവർത്തനം നടന്നത്. വ്ലാസെങ്കോയെ സുരക്ഷിതമായി എത്തിക്കാൻ മറ്റ് ഡ്രോണുകളും പീരങ്കി ആക്രമണങ്ങളും പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നു. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു രക്ഷാപ്രവർത്തനം നടക്കുന്നത്. നിലവിൽ ഖാർകീവിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് കൃത്രിമ കാലുകൾ ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മകൾക്ക് വേണ്ടിയാണ് താൻ ജീവൻ നിലനിർത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. “ഞാൻ എന്റെ മകളോട് സംസാരിച്ചിട്ട് കുറച്ചേറെ നാളുകളായി. അച്ഛൻ യുദ്ധത്തിലായിരുന്നുവെന്ന് അവൾ മനസ്സിലാക്കുമായിരിക്കും,” അദ്ദേഹം പറഞ്ഞു. 491 ദിവസത്തെ കഠിനമായ കാത്തിരിപ്പിനൊടുവിലാണ് കോൺസ്റ്റാന്റിൻ വ്ലാസെങ്കോ എന്ന സൈനികന് ഡ്രോണിന്റെ രൂപത്തിൽ പ്രതീക്ഷയുടെ സന്ദേശമെത്തിയത്.