Crime

സ്പായിലെ പീഡനം; പെണ്‍കുട്ടിയെ കോവളത്തെത്തിച്ചത് അനുരൂപിന്റെ പെണ്‍സുഹൃത്ത്‌? പീഡിപ്പിച്ചവരില്‍ വിദേശികളും !

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ വിവിധ സ്പാകളിലും റിസോർട്ടുകളിലുമെത്തിച്ച് പീഡിപ്പിച്ച കേസിൽ അന്വേഷണം അന്തർസംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ വിദേശികൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും എ.ഡി.ജി.പി: പി. വിജയൻ വ്യക്തമാക്കി.

വ്യാജരേഖകൾ നിർമ്മിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലെത്തിക്കുന്നുണ്ടെന്നും ഇത്തരം സ്പാകളുടെ നടത്തിപ്പിനു പിന്നിൽ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോവളത്തുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും പെൺകുട്ടികളെ റിസോർട്ടുകളിലേക്കും സ്പാകളിലേക്കും എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ വേരുകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പണത്തോടുള്ള അത്യാർത്തി കാരണം സ്പാകൾ നടത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും എ.ഡി.ജി.പി അറിയിച്ചു.

സ്പാകളുടെ മറവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി സംശയിക്കുന്ന ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്. അതിനിടെ, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചെന്നൈയിലെ ഹോട്ടലിലും റിസോർട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ കുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും അറസ്റ്റ് തമിഴ്‌നാട് പോലീസ് രേഖപ്പെടുത്തി. ചെന്നൈ വണ്ടല്ലൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗൗതമിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ജയിലിലെത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ മറീന ബീച്ചിലെ റിസോർട്ടിൽ പെൺകുട്ടിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. അവിടെവച്ച് കുട്ടിയെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതിലൂടെ ശേഖരിക്കും. മാതൃസഹോദരിയും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെയവിടെ എത്തിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും ആന്ധ്രാപ്രദേശിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പെൺകുട്ടി നാലാം ക്ലാസ് വരെ ബംഗളൂരുവിലെ സ്കൂളിലും അഞ്ചാം ക്ലാസ് മുതൽ ആന്ധ്രാപ്രദേശിലുമാണ് പഠിച്ചത്. ഈ സ്കൂളുകളിലെ അധ്യാപകരിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. മാതൃസഹോദരിയാണ് പെൺകുട്ടിയെ ആന്ധ്രയിലെ പാലസമുദ്രത്തിലുള്ള വാടകവീട്ടിലേക്ക് കൊണ്ടുവന്നത്. അവിടെനിന്നാണ് ആദ്യം ബംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലെ റിസോർട്ടിലേക്കും എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബംഗളൂരുവിലുള്ള പെൺസുഹൃത്ത് വഴിയാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ണികൾ തമ്മിലുള്ള ബന്ധവും പെൺകുട്ടിയെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാൻ സഹായിച്ചവരുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.

കന്റോൺമെന്റ് അസി. കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോവളം കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് അന്തർസംസ്ഥാന ബന്ധം വ്യക്തമായതോടെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്പാകളിലേക്ക് പെൺകുട്ടികളെ എത്തിക്കുന്ന വഴികൾ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി വ്യക്തമാക്കി.

സ്പാകളുടെ നടത്തിപ്പിനായി അംഗീകൃത ഡോക്ടറുടെയോ ചികിത്സകന്റെയോ പേര് നിർബന്ധമാണെങ്കിലും ഇത്തരം പേരുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡേറ്റിങ് ആപ്പുകൾ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പുകളും ചൂഷണങ്ങളും നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ സ്പാകളുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും പുതിയ നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തിയതായും എ.ഡി.ജി.പി അറിയിച്ചു.