പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ വേറിട്ടൊരു വഴി തിരഞ്ഞെടുത്തിരിക്കുന്നു. സ്റ്റേഷന് ചുറ്റും വളർന്നു പന്തലിച്ച പുല്ലുകളും കാടുകളും നീക്കം ചെയ്യുന്നതിനായി യോത്സുയാ (Yotsuya) റെയിൽവേ സ്റ്റേഷനിൽ രണ്ട് ആടുകളെ ജീവനക്കാരായി നിയമിച്ചിരിക്കുകയാണ്. പുല്ലുവെട്ടു യന്ത്രങ്ങൾക്ക് പകരം ആവശ്യമില്ലാത്ത ചെടികൾ തിന്നു തീർക്കുക എന്നതാണ് ഈ ആടുകളുടെ ചുമതല.
സ്റ്റേഷനിലെ ജീവനക്കാരുടെ ആശയത്തെത്തുടർന്ന് ഒക്ടോബർ തുടക്കത്തിലാണ് നാഗി, പൊക്കെ എന്ന് പേരിട്ടിരിക്കുന്ന ഈ ആടുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ വേറിട്ട പരീക്ഷണം വഴിപോക്കരുടെയും യാത്രക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആളുകൾ ആടുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സന്തോഷം പങ്കുവെക്കുന്നു.
ഡിസംബർ വരെ അല്ലെങ്കിൽ സ്റ്റേഷനിലെ പുല്ലുകൾ തിന്നു തീരുന്നത് വരെ ഈ ആടുകൾ ഇവിടെ കാണും. റെയിൽവേ ജീവനക്കാരാണ് ഇപ്പോൾ ഇവരുടെ പരിപാലനം നോക്കിനടത്തുന്നത്. യന്ത്രങ്ങൾ ഉപയോഗിക്കാതെ പരിസ്ഥിതി സൗഹൃദമായി പുല്ലു വെട്ടിമാറ്റാൻ ഈ ആശയം സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്.




