പ്രസിദ്ധ സർവൈവൽ വിദഗ്ധനും സാഹസികനുമായ ബെയർ ഗ്രിൽസ് തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ പ്രശസ്തമായ കൂളിങ് ഗ്ലാസ് ഫ്ലിപ്പ് ശൈലിയെ പ്രശംസിച്ചു. ദശാബ്ദങ്ങളായി രജനീകാന്തിന്റെ മാത്രം പ്രത്യേകതയായ ഈ ഐക്കണിക് ശൈലിയെക്കുറിച്ച് ഗ്രിൽസ് അടുത്തിടെ സമൂഹമാധ്യമത്തിൽ ഓർമ്മപ്പെടുത്തൽ പങ്കുവെച്ചിരുന്നു. രജനീകാന്തിൽ നിന്ന് നേരിട്ട് ഈ സിഗ്നേച്ചർ സ്റ്റൈൽ പഠിക്കുന്ന പഴയൊരു വീഡിയോ ആണ് ഗ്രിൽസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
“ചില ശൈലികൾ ആരെങ്കിലും അനുകരിച്ചേക്കാം, എന്നാൽ ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെയായിരിക്കും” എന്നായിരുന്നു ഗ്രിൽസിന്റെ കുറിപ്പ്. രജനീകാന്തിന്റെ കൂളിങ് ഗ്ലാസ് മാറ്റുന്ന ശൈലി ആരെയും ആകർഷിക്കുന്നതാണെന്നും, അത് പഠിക്കുന്നത് എളുപ്പമാണെങ്കിലും രജനീകാന്തിനെപ്പോലെ അത്രയും ഗ്ലാമറോടെ അത് ചെയ്ത് കാണിക്കാൻ മറ്റാറിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധകർ സ്നേഹത്തോടെ ‘തലൈവർ’ എന്ന് വിളിക്കുന്ന രജനീകാന്ത് മികച്ച അഭിനയത്തിന് പുറമേ തന്റെ സവിശേഷമായ ശരീരഭാഷയ്ക്കും സംഭാഷണ ശൈലിക്കും പേരുകേട്ടയാളാണ്. കൂളിങ് ഗ്ലാസ് മുകളിലേക്ക് തെറിച്ച് കണ്ണിൽ വെക്കുന്ന വിദ്യ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ ഒരു അടയാളമായി മാറിയിട്ടുണ്ട്. ഇതുപോലെ സിഗരറ്റിൽ തീ കൊളുത്തുന്നതും, രണ്ട് പേനകൾ ഉപയോഗിച്ച് എഴുതുന്നതുമെല്ലാം വലിയ തരംഗം സൃഷ്ടിച്ചിട്ടുള്ള കാര്യങ്ങളാണ്.
ഡിസ്കവറി ചാനലിലൂടെ ലോകപ്രശസ്തനായ ബെയർ ഗ്രിൽസും രജനീകാന്തും തമ്മിൽ മുമ്പും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വെച്ച് ചിത്രീകരിച്ച ‘ഇൻടോ ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്’ എന്ന സ്പെഷ്യൽ പരിപാടിയിൽ രജനീകാന്ത് അതിഥിയായി എത്തിയിരുന്നു. 2020 മാർച്ച് 23-ന് സംപ്രേഷണം ചെയ്ത ഈ പരിപാടി സിനിമാരംഗത്തിന് അപ്പുറമുള്ള സൂപ്പർതാരത്തിന്റെ സാഹസികത നിറഞ്ഞ മറ്റൊരു മുഖമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.




