മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് അഞ്ചര മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് അതിശയകരമായ ഈ സംഭവം നടന്നത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുഞ്ഞിനെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മകന് അന്ത്യചുംബനം നൽകാൻ എത്തിയ സമയത്ത് കുഞ്ഞ് ശ്വസിക്കുന്നത് പോലെ അമ്മയ്ക്ക് തോന്നിയെങ്കിലും, അത് സ്വന്തം തോന്നൽ മാത്രമായിരിക്കാം എന്ന് കരുതി അവർ മടങ്ങുകയായിരുന്നു.
എന്നാൽ, രാത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനേഷൻ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന കാര്യം കണ്ടെത്തിയത്. വിവരമറിഞ്ഞ മാതാപിതാക്കൾ സന്തോഷം സഹിക്കാനാവാതെ കണ്ണീരണിഞ്ഞു. തുടർന്ന് കുഞ്ഞിനെ കൂടുതൽ ചികിത്സയ്ക്കായി ഫീനിക്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റിയതായി അമ്മ അലക്സസ് അറിയിച്ചു.
കുഞ്ഞിന്റെ രക്തപരിശോധനാഫലം വരും മുൻപാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നതായി കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വൈകിട്ട് 6.20-ന് മരണം ഉറപ്പാക്കുമ്പോൾ നിർണായക പരിശോധനാഫലം ലഭ്യമായിരുന്നില്ലെന്നും, അത് ലഭിച്ചത് 6.38-നാണെന്നുമാണ് റിപ്പോർട്ടുകൾ. കുഞ്ഞിന് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
2026 ഫെബ്രുവരി 8-ന് സൂപ്പർ ബൗൾ ദിനത്തിലാണ് ഈ സംഭവം നടക്കുന്നത്. വീട്ടിലെ നീന്തൽക്കുളത്തിൽ മുഖം താഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻതന്നെ ഗിൽബെർട്ടിലെ മെഴ്സി ഗിൽബെർട്ട് മെഡിക്കൽ സെന്ററിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 6.20-ന് ഡോക്ടർമാർ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുഞ്ഞിന്റെ രക്തത്തിലെ അമ്ലതയും ഗുരുതരമായ ആരോഗ്യനിലയും ചൂണ്ടിക്കാട്ടി തുടർചികിത്സകൾ ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി അമ്മ പറഞ്ഞു. കുഞ്ഞ് ശ്വസിക്കുന്നതായി തങ്ങൾ പങ്കുവെച്ച ആശങ്ക അന്നത്തെ സാഹചര്യത്തിൽ ആശുപത്രി അധികൃതർ ഗൗരവമായി എടുത്തില്ലെന്ന ആരോപണവും പിന്നീട് ഉയർന്നു വന്നു.




