Health

പ്രമേഹരോഗികള്‍ക്ക് സന്തോഷ വാര്‍ത്ത! ഷുഗർ ലെവൽ സ്വയം നിയന്ത്രിക്കും; ഇലക്ട്രിക് ഇംപ്ലാന്റുമായി ശാസ്ത്രജ്ഞർ

സ്വിറ്റ്‌സർലൻഡിലെ ഗവേഷകരും ഇന്ത്യൻ ശാസ്ത്രജ്ഞരും ഉൾപ്പെട്ട സംഘം, ശരീരത്തിലെ അധിക ഗ്ലൂക്കോസിനെ പുറന്തള്ളാൻ സഹായിക്കുന്ന യു.എസ്.ബി വലിപ്പത്തിലുള്ള പുതിയ ഇലക്ട്രിക് ഇംപ്ലാന്റ് വികസിപ്പിച്ചെടുത്തു. പ്രമേഹവും അമിതവണ്ണവുമുള്ള എലികളിൽ നടത്തിയ ഈ പരീക്ഷണം വിജയിച്ചതോടെ, ഇൻസുലിനോ മറ്റ് മരുന്നുകളോ ഇല്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ‘സയൻസ്’ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇ.ടി.എച്ച് സൂറിച്ചിലെ പ്രൊഫസറായ മാർട്ടിൻ ഫുസെനെഗറിന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടത്തിയത്. പതിറ്റാണ്ടുകളായി മരുന്നുകൾ നൽകിയാണ് പ്രമേഹം ചികിൽസിച്ചിരുന്നതെന്നും, എന്നാൽ ഇലക്ട്രോണിക്സ് ഉപയോഗിച്ച് നേരിട്ട് ഗ്ലൂക്കോസിനെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചസാരയുടെ അളവ് കൂടുമ്പോൾ മാത്രമാണ് ഈ ഉപകരണം പ്രവർത്തിച്ചു തുടങ്ങുന്നത്.

ഗ്രാഫൈറ്റ് ഫെൽറ്റ്, ഗോൾഡ് നാനോ ക്ലസ്റ്ററുകൾ, പ്ലാറ്റിനം കണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ‘എക്കോ’ (ECHO) എന്ന് പേരിട്ടിരിക്കുന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ജീവനുള്ള കോശങ്ങളോ എൻസൈമുകളോ ഉപയോഗിക്കുന്നതിന് പകരം ഇലക്ട്രോകെമിക്കൽ പ്രവർത്തനത്തിലൂടെയാണ് ഇത് അധിക ഗ്ലൂക്കോസിനെ പുറന്തള്ളുന്നത്. ഉപകരണം പ്രവർത്തിക്കുമ്പോൾ, ഗ്ലൂക്കോസ് ഗ്ലൂക്കോണേറ്റ് ആയി മാറുകയും അത് മൂത്രത്തിലൂടെ ശരീരം പുറന്തള്ളുകയും ചെയ്യുന്നു.

തുടർച്ചയായി രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്ന ഒരു മോണിറ്ററുമായി ഈ ഇംപ്ലാന്റ് ബന്ധിപ്പിച്ചിരിക്കുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് സ്മാർട്ട്ഫോൺ വഴി വയർലെസായി ഈ ഉപകരണം പ്രവർത്തിക്കുകയും, അളവ് സാധാരണ നിലയിലാകുമ്പോൾ ഓഫാകുകയും ചെയ്യും. സാധാരണ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവിന് തുല്യമായ അഞ്ച് ലിറ്റർ ദ്രാവകത്തിലെ ഗ്ലൂക്കോസ് നീക്കം ചെയ്യാൻ നിലവിലെ പരീക്ഷണത്തിലൂടെ സാധിച്ചതായി ഗവേഷകർ വ്യക്തമാക്കി.

ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവുമുള്ള എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഉപകരണം പ്രവർത്തിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായി. ആഴ്ചകളോളം ഈ നിയന്ത്രണം നിലനിർത്താൻ കഴിഞ്ഞു. കൂടാതെ എലികളിൽ ശരീരഭാരവും ട്രൈഗ്ലിസറൈഡിന്റെ അളവും കുറയുന്നതായും കണ്ടെത്തി. കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം മൂലം ടിഷ്യൂകൾക്ക് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ലെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞു.

എങ്കിലും മനുഷ്യരിലെ പ്രമേഹത്തിന്റെ സങ്കീർണ്ണതകൾ ചെറിയ മൃഗങ്ങളിലെ പഠനത്തിലൂടെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്നും, വൃക്കകളുടെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉപകരണം കൂടുതൽ ചെറുതാക്കുന്നതിനും വയർലെസായി ചാർജ് ചെയ്യാവുന്ന സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ ഇപ്പോൾ. മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.