മതനേതാക്കളുടെയും പ്രചാരകരുടെയും വാക്കുകേട്ട് ഓരോന്നിനിറങ്ങിപ്പുറപ്പെടുന്ന അനുയായികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയോ അപൂര്‍വ സാഹചര്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു 2023-ല്‍ കെനിയയില്‍ അരങ്ങേറിയത്. ലോകാവസാനം അടുത്തെത്തിയെന്നും സ്വര്‍ഗം പ്രാപിക്കാന്‍ പട്ടിണി കിടന്ന് ജീവന്‍ വെടിയണമെന്നും പ്രചരിപ്പിച്ച് നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോള്‍ മക്കെന്‍സി എന്ന പാസ്റ്ററെ പ്രതിയാക്കി കോടതി വിധി പ്രസ്താവിച്ചതാണ് പുതിയ വാര്‍ത്ത.
കെനിയയിലെ ഷാക്കഹോല കാടുകളില്‍ നിന്ന് 400-ലധികം ആളുകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് ഈ കേസിന്റെ അന്വേഷണം ആരംഭിക്കുന്നത്. ഭൂരിഭാഗം മൃതദേഹങ്ങളും ജീർണ്ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ 26 എണ്ണം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ ദാരുണ സംഭവത്തിന് പിന്നില്‍ പാസ്റ്റർ മക്കെന്‍സിയാണെന്ന് വ്യക്തമായത്.
നാല് ഘട്ടങ്ങളായി തിരിച്ചു കൊണ്ടാണ് മക്കെന്‍സി ഈ പട്ടിണി മരണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം കുട്ടികളും പിന്നീട് സ്ത്രീകളും, തുടർന്ന് യുവാക്കളും ഒടുവില്‍ മുതിര്‍ന്ന പുരുഷന്മാരും പട്ടിണി കിടക്കണമെന്നായിരുന്നു മക്കെന്‍സിയുടെ നിര്‍ദേശം. ഇതിനായി മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ മുറികളില്‍ പൂട്ടിയിടുകയും അവര്‍ക്ക് ഭക്ഷണമോ വെള്ളമോ നൽകാതിരിക്കുകയും ചെയ്തു.
അനുയായികൾ വിദ്യാഭ്യാസം നേടുന്നതോ രോഗം വരുമ്പോള്‍ ആശുപത്രികളെ സമീപിക്കുന്നതോ മക്കെന്‍സി പൂര്‍ണ്ണമായി വിലക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ചെകുത്താന്റെ കേന്ദ്രങ്ങളാണെന്നായിരുന്നു ഇയാളുടെ പ്രചാരണം. ഇതിനുപുറമെ, ബൈബിളിലെ സ്ഥലങ്ങളുടെ പേരുകള്‍ നല്‍കിയ പ്രത്യേക ക്യാമ്പുകളിലായിരുന്നു അനുയായികളെ താമസിപ്പിച്ചിരുന്നത്.
മക്കെന്‍സിയെ കൂടാതെ ഇയാളുടെ സഭയായ ‘ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചർച്ചിലെ’ പ്രമുഖരായ 30 പേരും ഈ കേസില്‍ പ്രതികളാണ്. നിലവില്‍ 190 കുട്ടികളുടെയും ഒരു മുതിര്‍ന്ന വ്യക്തിയുടെയും മരണത്തിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ ശേഷിക്കുന്ന പ്രതികള്‍ക്കെതിരെയുള്ള വിധി വരുംദിവസങ്ങളില്‍ ഉണ്ടാകും.




