Celebrity

വിക്ടോറിയാസ് സീക്രട്ട് റാംപിൽ തരംഗമായി നമ്മുടെ പത്തനംതിട്ടക്കാരി; രണ്ട് ലുക്കുകളിൽ തിളങ്ങി 25-കാരി രവ്‌ലീൻ വർഗീസ്

അഡ്രിയാന ലിമ, അലക്സാൻഡ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാത്തി പ്രിൻസ്ലൂ, ബെല്ല ഹാഡിഡ്, ജിജി ഹാഡിഡ് തുടങ്ങിയ സൂപ്പർ മോഡലുകൾ റാമ്പിൽ അണിനിരന്നപ്പോൾ, റിയാലിറ്റി താരവും ബ്യൂട്ടി സംരംഭകയുമായ കൈലി ജെന്നർ 50 ദശലക്ഷം ഡോളർ മൂല്യമുള്ള ഫന്റസി ബ്രാ അണിഞ്ഞ് തന്റെ വിക്ടോറിയാസ് സീക്രട്ട് റാമ്പ് അരങ്ങേറ്റം കുറിച്ചു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് റാവ്‌ലീൻ വർഗീസ് എന്ന പേരാണ്. വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റാമ്പ് വാക്ക് ചെയ്യുന്ന ആദ്യ മലയാളി മോഡലായി മാറി 25 കാരിയായ റാവ്‌ലീൻ. ഒരു തവണ മാത്രമല്ല, രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് താരം ഷോയിൽ പ്രത്യക്ഷപ്പെട്ടത്.

കൊടുമണ്ണിൽ നിന്ന് വിക്ടോറിയാസ് സീക്രട്ട് ഷോയിലേക്ക്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൊടുമൺ സ്വദേശിയാണ് റാവ്‌ലീൻ. എന്നാൽ മോഡലിംഗ് എന്നത് അവരുടെ സ്വപ്നങ്ങളിൽ പോലുമില്ലാത്ത ഒന്നായിരുന്നു. 2025-ൽ ‘ദി നോഡ്’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത് ഇങ്ങനെയാണ്: “മോഡലിംഗ് എന്നത് ഒരു കുട്ടിക്കാലത്തെ സ്വപ്നമായിരുന്നില്ല. വളർന്നുവന്ന സാഹചര്യത്തിൽ അത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.”

ഡിസൈൻ പഠനത്തിനായി ഡൽഹിയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെ 18-ാം വയസ്സിലാണ് റാവ്‌ലീൻ മോഡലിംഗിലേക്ക് കണ്ടെത്തപ്പെടുന്നത്. ന്യൂയോർക്ക് ഫാഷൻ വീക്കിലെ പ്രബാൽ ഗുരുങ് SS25 ഷോ ആയിരുന്നു അവരുടെ ആദ്യത്തെ വലിയ വഴിത്തിരിവ്. ഒരു വർഷത്തിന് ശേഷം, അഡ്രിയാന ലിമ, അലക്സാൻഡ്ര അംബ്രോസിയോ തുടങ്ങിയ ലോകോത്തര മോഡലുകൾക്കൊപ്പം വിക്ടോറിയാസ് സീക്രട്ടിന്റെ ഔദ്യോഗിക കാസ്റ്റ് ഷീറ്റിൽ അവരുടെ മുഖവും ഇടംപിടിച്ചു.

രണ്ട് ലുക്കുകൾ: ‘സോഫ്റ്റ് ഗേൾ’, ‘മെയിൻ ക്യാരക്ടർ’

ഫ്ലോയിംഗ് റഫിൾഡ് റോബും ആകർഷകമായ പിങ്ക് ലൈസ് ലിംഗെറി സെറ്റുമായിരുന്നു റാവ്‌ലീന്റെ ആദ്യ ലുക്ക്. രണ്ടാമത്തെ ലുക്കിൽ വെള്ള എംബ്രോയ്ഡറി തുന്നലുകളുള്ള ബ്ലാക്ക് ലൈസ് ബ്രാ, ജ്യാമിതീയ ബോഡി സ്ട്രാപ്പുകൾ, ഹൈ-വേസ്റ്റഡ് ബ്ലാക്ക് ആൻഡ് വൈറ്റ് ബോട്ടംസ്, തൈ-ഹൈസ്, കട്ടിയുള്ള വെള്ളി വളകൾ എന്നിവയണിഞ്ഞ് താരം തിളങ്ങി.

ബാക്ക്സ്റ്റേജ് വിശേഷങ്ങൾ

ഫാഷൻ പേജായ ഡയറ്റ് സബ്യ ഒക്ടോബർ 19-ന് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇങ്ങനെ കുറിച്ചു: “ഒരു നക്ഷത്രം ജനിച്ചിരിക്കുന്നു. വിക്ടോറിയാസ് സീക്രട്ട് ഷോയിൽ റാമ്പ് വാക്ക് ചെയ്യുന്ന ആദ്യ മലയാളി മോഡലും, ഈ ഐക്കണിക് ഷോയുടെ ഭാഗമാകുന്ന പുതിയ ഇന്ത്യൻ മോഡലുമാണ് റാവ്‌ലീൻ.”

ഡയറ്റ് സബ്യ പങ്കുവെച്ച ചിത്രങ്ങളിൽ 2026-ലെ ഔദ്യോഗിക കാസ്റ്റ് ബോർഡിലെ റാവ്‌ലീന്റെ ചിത്രം, പിങ്ക് സ്ട്രിപ്പ്ഡ് സാറ്റിൻ റോബ് അണിഞ്ഞുള്ള മിറർ സെൽഫി, പിങ്ക് റൈൻസ്റ്റോണുകളിൽ ‘വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോ 2026’ എന്ന് എഴുതിയ ബ്ലാക്ക് സാറ്റിൻ ജാക്കറ്റ്, കൂടാതെ ‘റാവ്‌ലീൻ’ എന്ന് പേരെഴുതിയ കസേര എന്നിവ ഉൾപ്പെടുന്നു.

“എനിക്ക് ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങളണിഞ്ഞാണ് ഞാൻ ജോലിക്ക് എത്തുന്നത്”

പക്ക മലയാളി ശൈലിയിൽ, ഷോയ്ക്ക് മുന്നോടിയായി പ്രിയപ്പെട്ട മലയാളം പാട്ടുകൾ ഉച്ചത്തിൽ വെച്ച് പാട്ടിനൊപ്പം ഡാൻസ് ചെയ്തുകൊണ്ട് സ്കിൻകെയർ ചെയ്യുന്നതാണ് റാവ്‌ലീന്റെ പ്രധാന രീതി. ഷോയ്ക്ക് ശേഷമുള്ള ആഘോഷമാകട്ടെ ബ്രൂക്ലിനിലെ ടകാഹാച്ചിയിൽ നിന്നുള്ള മാച്ചാ സോഫ്റ്റ് സെർവ് കഴിച്ചും!

തന്റെ പ്രീ-ഷോ രീതികളെക്കുറിച്ച് 2025-ൽ ‘ദി നോഡ്’ അഭിമുഖത്തിൽ ചോദിച്ചപ്പോൾ റാവ്‌ലീൻ മറുപടി നൽകിയത് ഇങ്ങനെയാണ്: “ഉറക്കം. അതായത് കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നല്ല ഉറക്കം. അത് കഴിഞ്ഞ് എഴുന്നേറ്റ് എന്റെ പ്രിയപ്പെട്ട മലയാളം പാട്ടുകൾ ഉച്ചത്തിൽ വെച്ച് ഡാൻസ് ചെയ്താണ് ഞാൻ സ്കിൻകെയർ റൂട്ടീൻ ചെയ്യുന്നത്. ഷൂട്ടിംഗ് സമയം ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ ഒരു ചെറിയ നടത്തത്തിനും സമയം കണ്ടെത്താറുണ്ട്. എനിക്ക് ബോൾഡും ആത്മവിശ്വാസവും നൽകുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ഞാൻ എപ്പോഴും ജോലിക്ക് എത്താറുള്ളത്.”