Featured The Origin Story

ഒരു വേട്ടയാടൽ കേസ് അധോലോകത്തിന്റെ ആയുധമായപ്പോൾ: സൽമാനും ബിഷ്‌ണോയിയും തമ്മിലുള്ള പോരിന്റെ ചരിത്രം

ജയ്പൂർ: നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗ്യാങ്സ്റ്റർ അനിൽ പണ്ഡിറ്റിന്റെതായി പുറത്തുവന്ന ഒരു ഓഡിയോ സന്ദേശത്തിൽ പറയുന്നത് “സൽമാൻ ഖാൻ മാപ്പ് പറയണം,” എന്നാണ്. ഞായറാഴ്ച മുംബൈയിലെ തിരക്കേറിയ ജുഹുവിലെ പുഷ്പ നഴ്സറി പാർക്കിന് പുറത്തുണ്ടായ വെടിവെപ്പ് ദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. സൽമാൻ ഖാനുമായുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ സംഘര്‍ഷത്തിന്റെ തുടക്കം എടിടെനിന്നാണ്?

1998-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ ‘ഹം സാത്ത് സാത്ത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ സൽമാൻ ഖാന്‍ കൃഷ്ണമൃഗത്തെയും ചിങ്കാരമാനെയും വേട്ടയാടിയതുമായി ബന്ധപ്പെട്ട് സംഭവമാണ് ഇതിന്റെ തുടക്കം. സൽമാൻ ഖാനും ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയ് സംഘവും തമ്മിലുള്ള ദീർഘകാലമായുള്ള വൈരത്തിലേക്ക് ഈ സംഭവം വഴിതുറന്നത്.

1998 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മൂന്ന് ആഴ്ചകളാണ് സൽമാൻ ഖാൻ ജോധ്പൂരിൽ ഉണ്ടായിരുന്നത്. ജോധ്പൂരിന്റെ ഗ്രാമീണ പ്രാന്തപ്രദേശങ്ങളിൽ നടൻ വേട്ടയാടാൻ പോയെന്നാണ് ആരോപണം. സെപ്റ്റംബർ 26, 27 തീയതികളിൽ ഭവാദ് ഗ്രാമത്തിൽ വെച്ച് അദ്ദേഹം രണ്ട് ചിങ്കാരമാനുകളെ വേട്ടയാടി കൊന്നതായി ആരോപിക്കപ്പെടുന്നു. ഈ കേസ് വിചാരണ കോടതിയിലെത്തിയെങ്കിലും രാജസ്ഥാൻ ഹൈക്കോടതി സൽമാനെ വെറുതെവിട്ടു.

സെപ്റ്റംബർ 28, 29 തീയതികളിൽ ലൂണിയിലെ ഘോഡ ഫാമിൽ വെച്ച് നടൻ രണ്ട് ചിങ്കാരമാനുകളെ കൂടി കൊലപ്പെടുത്തിയെന്ന് വീണ്ടും ആരോപിക്കപ്പെട്ടു. ഈ കേസും 2016-ൽ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളിൽപ്പെട്ട രണ്ടെണ്ണത്തിനെ ഒക്ടോബർ 1, 2 തീയതികളിൽ കങ്കാണി ഗ്രാമത്തിൽ വെച്ച് കൊലപ്പെടുത്തിയതാണ് ഇതിലും ഗൗരവമേറിയ കേസ്. ഈ സംഭവത്തിൽ 2018-ൽ നടന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്കെതിരെയുള്ള അപ്പീൽ നിലവിലുണ്ട്.

ഈ സംഭവത്തിൽ, ചിത്രത്തിലെ സഹതാരങ്ങളായ നീലം, തബു, സോനാലി ബേന്ദ്രെ, സൈഫ് അലി ഖാൻ എന്നിവരും സൽമാനോടൊപ്പം ഉണ്ടായിരുന്നു. അവരും ഈ കേസിൽ പ്രതികളാണ്. വിചാരണ കോടതി അവരെ വെറുതെവിട്ടെങ്കിലും, ആ വെറുതെവിടലിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്, ആ കേസ് നിലവിലുണ്ട്.

ബിഷ്ണോയ് സമൂഹം പ്രകോപിതരാകാൻ കാരണം

തങ്ങളുടെ ഗ്രാമങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിയെയും മൃഗങ്ങളെയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ബിഷ്ണോയ് സമൂഹം . വേട്ടയാടല്‍ നടന്ന ദിവസം കങ്കാണിയിലെ ബിഷ്ണോയ് ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ വെടിയൊച്ച കേട്ട് പുറത്തിറങ്ങുകയും നടൻ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടരുകയും വനം വകുപ്പിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് 20 വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിൽ അവർ സാക്ഷികളായി മാറുകയും ചെയ്തു.

ബിഷ്ണോയ് സമൂഹത്തിന്റെ “29 നിയമങ്ങൾ” എന്ന അവരുടെ വിശുദ്ധ തത്വങ്ങളിൽ ഒന്ന് നടൻ ലംഘിച്ചതാണ് സമൂഹത്തിൽ രോഷം ഉണ്ടാക്കിയത്. ഇവ ഒന്നിച്ചു ചേരുമ്പോഴാണ് ബിഷ്ണോയ് എന്ന വാക്ക് ഉണ്ടാകുന്നത്, അതായത് 29 നിയമങ്ങളുടെ അനുയായികൾ എന്ന് അർത്ഥം. അഹിംസയും തങ്ങൾ ജീവിക്കുന്ന സ്ഥലത്തെ മൃഗങ്ങളെയും പക്ഷികളെയും പ്രകൃതിയെയും സംരക്ഷിക്കുകയെന്നതുമാണ് ഈ 29 നിയമങ്ങളിൽ ഉൾപ്പെടുന്നത്.

കൃഷ്ണമൃഗത്തിന്റെയും ചിങ്കാരമാനിന്റെയും കടുത്ത സംരക്ഷകരായ ബിഷ്ണോയ് സമൂഹം, സിനിമ ഷൂട്ട് ചെയ്യാൻ എത്തിയ ഒരു സൂപ്പർതാരം തങ്ങളുടെ പ്രദേശത്ത് പരസ്യമായി മൃഗങ്ങളെ വേട്ടയാടുന്നത് കണ്ടു രോഷാകുലരായി. ജോധ്പൂർ തെരുവുകളിലും കോടതികളിലും പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ബിഷ്ണോയ് സമൂഹം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒരു പരിധി വരെ അവരുടെ ഈ സമ്മർദ്ദമാണ് മാധ്യമങ്ങളുടെ ശ്രദ്ധ ഈ കേസിലേക്ക് തിരിക്കാൻ കാരണമായത്, ഒപ്പം അധികാരികളിൽ കർശന നടപടികൾ സ്വീകരിക്കാനുള്ള നിരന്തര സമ്മർദ്ദവും ഇത് നിലനിർത്തി.

സൽമാനും മറ്റ് പ്രതികൾക്കുമെതിരെ വേട്ടയാടലിന് കേസെടുക്കാൻ വനം വകുപ്പിനെ ഇത് പ്രേരിപ്പിച്ചു. എന്നാൽ ബിഷ്ണോയ് സമൂഹം അവിടെയും നിർത്തിയില്ല. ജോധ്പൂർ നഗരത്തിലെ വിചാരണ കോടതികളിൽ 20 വർഷത്തോളം ഈ കേസ് പിന്തുടരാൻ അവർ തങ്ങളിൽ ഒരാളായ ഒരു വക്കീലിനെ തന്നെ നിയോഗിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തു.

“സമൂഹം ഈ കേസ് ഇത്രത്തോളം അടുത്ത് പിന്തുടർന്നിരുന്നില്ലെങ്കിൽ, ഈ കേസിൽ ശിക്ഷാവിധി ഉണ്ടാകുമായിരുന്നില്ല. രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആ കേസ് ഇപ്പോൾ ട്രാൻസ്ഫർ പെറ്റിഷൻ വഴി ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്, എങ്കിലും ബിഷ്ണോയ് സമൂഹം അത് വളരെ സജീവമായി പിന്തുടർന്നു. 20 വർഷത്തോളം ഞാൻ തന്നെയാണ് കോടതിയിൽ സമൂഹത്തെ പ്രതിനിധീകരിച്ചത്,” 20 വർഷമായി കോടതിയിൽ ബിഷ്ണോയ് സമൂഹത്തെ പ്രതിനിധീകരിച്ച വക്കീലായ മഹിപാൽ ബിഷ്ണോയ് പറഞ്ഞു.

വളരെ വൈകിയ വേളയിലാണ് ലോറൻസ് ബിഷ്ണോയ് ഈ സംഭവത്തിലേക്ക് കടന്നുവരുന്നത്. 2018-ൽ മറ്റൊരു extorion (ഭീഷണിപ്പെടുത്തി പണം തട്ടൽ) കേസിൽ ലോറൻസ് ബിഷ്ണോയിയെ ജോധ്പൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. പുറത്തേക്ക് വരുമ്പോൾ അവിടെ കാത്തുനിന്ന ദൃശ്യമാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു: “സൽമാൻ ഖാനെ ഞങ്ങൾ ഇവിടെ ജോധ്പൂരിൽ വെച്ച് തന്നെ കൊല്ലും, അപ്പോഴാണ് ഞങ്ങളുടെ യഥാർത്ഥ മുഖം എന്താണെന്ന് അയാൾക്ക് മനസ്സിലാവുക.”

ലോറൻസ് ബിഷ്ണോയ് എങ്ങനെയാണ് ഇത് മുതലെടുത്തത്?

സൽമാൻ ഖാനോട് ബിഷ്ണോയ് സമൂഹത്തിന് ഉണ്ടായിരുന്ന കടുത്ത അമർഷവും, നീതി വൈകുന്ന സാഹചര്യവും ജയിലിൽ കഴിഞ്ഞിരുന്ന ഗുണ്ടനേതാവ് കൃത്യമായി മുതലെടുത്തു. വിശ്വാസത്തിന്റെ സംരക്ഷകനായി ലോറൻസ് സ്വയം അവതരിപ്പിച്ചു, ഒപ്പം ഒരു സൂപ്പർതാരത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് ദേശീയ മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തു. ആഴത്തിലുള്ള സാംസ്കാരിക പശ്ചാത്തലമുള്ള, പരസ്യമാക്കപ്പെട്ട ഒരു കേസിനെ തന്റെ ക്രിമിനൽ സ്വാധീനം ഉറപ്പിക്കാൻ അയാൾ ഉപയോഗിച്ചു എന്നത് ഒരു ക്രൈം നോവലിന് സമാനമായ കാര്യമാണ്.

“സൽമാൻ ഖാൻ അവരുടെ ഒരു പ്രൊപ്പഗാൻഡ വാഹനം മാത്രമാണ്. തലക്കെട്ടുകളിൽ ഇടം നേടാനുള്ള അവരുടെ വഴിയാണിത്, എന്നാൽ യഥാർത്ഥ ലക്ഷ്യം പണം തട്ടലാണ്. വലിയ തോതിലുള്ള extorion മാഫിയകളിലേക്ക് പ്രവേശിക്കാനാണ് അവർ ഇത്തരം വലിയ വെടിവെപ്പുകൾ നടത്തുന്നത്. അവർ സാധാരണയായി ഷൂട്ടർമാരെ വാടകയ്ക്കെടുക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ ഷൂട്ടർമാർക്ക് കാര്യമായ വൈഭവം ഇല്ലെങ്കിൽ, അവരെ കൈയൊഴിയുകയും പോലീസിന്റെ പിടിയിലാകാൻ വിടുകയും ചെയ്യും. എന്നാൽ അവരുടെ സംഘത്തിലുള്ളതോ മികച്ച കഴിവുള്ളതോ ആയ ഒരു ഷൂട്ടർ ആണെങ്കിൽ, അവരെ രക്ഷിക്കാനുള്ള പ്ലാനും അവരുടെ പക്കലുണ്ടാകും. രാജസ്ഥാനിലെ ആന്റി-ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ് വാടകക്കൊലയാളികളായ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. അടുത്തിടെ രാജസ്ഥാനിൽ അവരുടെ ലക്ഷ്യം മുൻ കോൺഗ്രസ് എം.എൽ.എ ആയിരുന്നു, എന്നാൽ ജോധ്പൂരിൽ വെച്ച് ഷൂട്ടർമാരെ AGTF പിടികൂടിയതിനാൽ അവർക്ക് അതിൽ വിജയിക്കാൻ കഴിഞ്ഞില്ല,” രാജസ്ഥാനിലെ ആന്റി-ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ് മേധാവിയും സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നയാളുമായ എം.എൻ ദിനേഷ് പറഞ്ഞു.

സൽമാൻ ഖാനെതിരെയുള്ള 1998 ലെ വേട്ടയാടൽ കേസ് ലോറൻസ് ബിഷ്ണോയ് വീണ്ടും കുത്തിപ്പൊക്കിയതിനോട് ജോധ്പൂരിലെ ജനങ്ങളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.

“സൽമാൻ ഖാൻ വേട്ടയാടൽ കേസ് ബിഷ്ണോയ് ജനങ്ങളെ സംബന്ധിച്ച് വളരെ വികാരപരമായ ഒന്നാണ്. ഈ കേസിൽ ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ചിങ്കാരമാൻ വേട്ടയാടൽ കേസിൽ നടനെ ഹൈക്കോടതി വെറുതെവിട്ടു, കൃഷ്ണമൃഗ കേസിൽ അപ്പീൽ നിലവിലുണ്ട്. സുപ്രീം കോടതിയിലെ പ്രത്യേക അനുമതി ഹർജിയിലും (SLP) സംസ്ഥാന സർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിട്ടില്ല, അതിനാൽ ഈ കേസിൽ കാര്യമായ നീതി നടപ്പിലായിട്ടില്ല. ലോറൻസ് ബിഷ്ണോയിയെ സംബന്ധിച്ചിടത്തോളം സൽമാൻ ഒരു സെലിബ്രിറ്റിയാണ്. എന്നാൽ ഞങ്ങൾ സൽമാനെതിരെ നിയമനടപടി ആവശ്യപ്പെടുമ്പോൾ, അയാളുടെ മരണം ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ബിഷ്ണോയ് സമൂഹം മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നവരാണ്. ഞങ്ങൾ അഹിംസയുടെ സമൂഹമാണ്, അങ്ങനെയുള്ളപ്പോൾ ഞങ്ങൾ എങ്ങനെയാണ് ഹിംസയ്ക്ക് ആഹ്വാനം ചെയ്യുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുക?” ബിഷ്ണോയ് ടൈഗർ ഫോഴ്സ് അംഗവും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ റാം നിവാസ് ബിഷ്ണോയ് ചോദിക്കുന്നു.

ഈ കേസ് ഇപ്പോൾ വിചാരണ കോടതിയിലുള്ളതും ട്രാൻസ്ഫർ പെറ്റിഷൻ വഴി ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടതുമായതിനാൽ, സൽമാൻ ഖാന് വ്യക്തിപരമായി കോടതികളിൽ ഹാജരാകേണ്ടി വരുന്നില്ല. ഇത് കേസിനെച്ചിലിയുള്ള വലിയ കോലാഹലങ്ങൾ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്.

“ഈ പ്രസ്താവനകളെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ലോറൻസ് ബിഷ്ണോയ് പറഞ്ഞതോ അവകാശപ്പെട്ടതോ ആയ കാര്യങ്ങൾ ഞങ്ങൾക്ക് യഥാർത്ഥത്തിൽ സ്ഥിരീകരിക്കാൻ കഴിയില്ല. മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മാത്രമാണ് ഞങ്ങൾ കാണുന്നത്. എന്നാൽ ഒരു സമൂഹമെന്ന നിലയിൽ ക്രിമിനൽസ്വഭാവമുള്ളതോ ഭരണഘടനാ വിരുദ്ധമായതോ ആയ ഒരു കാര്യത്തെയും ഞങ്ങൾക്ക് പിന്തുണയ്ക്കാൻ കഴിയില്ല,” ബിഷ്ണോയ് മഹാസഭയുടെ ജോധ്പൂർ ജില്ലാ യൂണിറ്റ് പ്രസിഡന്റായ നാരായൺ റാം ബിഷ്ണോയ് പോലുള്ള സമൂഹത്തിലെ പ്രമുഖർ വ്യക്തമാക്കി.

സമൂഹം സ്ഥാപിച്ച ഗുരു ജംഭേശ്വർ വിശ്രമിച്ച സ്ഥലമായ ബിക്കാനീറിലെ മുകം മുക്തി ധാമിൽ സൽമാൻ ഖാൻ എത്തി മാനെ കൊന്നതിന് സൽമാൻ മാപ്പ് ചോദിക്കുന്നതുവരെ ഈ വൈരം അവസാനിക്കില്ലെന്ന് അഖില ബിഷ്ണോയ് മഹാസഭയുടെ ദേവേന്ദ്ര ബുധിയ പറഞ്ഞു.

ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ വാക്കുകൾ തന്നെയാണ് ദേവേന്ദ്ര ബുധിയയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. വിവാദവ്യക്തിയായ ബുധിയ, ബിഷ്ണോയ് സംഘടനയ്ക്കുള്ളിൽ അതിന്റെ മുൻ രക്ഷാധികാരിയും ബി.ജെ.പി നേതാവുമായ കുൽദീപ് ബിഷ്ണോയിയുമായുള്ള ഗ്രൂപ്പ് തർക്കങ്ങളിലും ഉൾപ്പെട്ടിട്ടുള്ള ആളാണ്.

അഭിപ്രായങ്ങൾ എന്തൊക്കെയായാലും, ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പുമായി സൽമാൻ ഖാനുള്ള ബന്ധം 1998 ലെ കൃഷ്ണമൃഗ വേട്ടയാടൽ കേസിനെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ലോറൻസ് ബിഷ്ണോയ് സംഘം വീണ്ടുമൊരു ക്രിമിനൽ കൃത്യത്തിന് സാംസ്കാരിക പശ്ചാത്തലത്തിന്റെ മൂടുപടം അണിയിക്കാൻ ഇത് ഉപയോഗിക്കുന്നതായാണ് കാണാൻ കഴിയുന്നത്.