Sports

ഷഫാലി വർമയുടെ താണ്ഡവം! സൂപ്പര്‍ സ്മൃതി; ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ സ്വന്തമാക്കി മന്ദാന

റായ്‌പുർ: സിംബാബ്‌വേ വനിതകൾക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ഒൻപത്‌ വിക്കറ്റ് ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ എട്ട്‌ വിക്കറ്റിന്‌ 102 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി തീരാൻ 67 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

ഷഫാലി വർമ 25 പന്തിൽ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 55 റണ്ണെടുത്ത് പുറത്തായി. നായികയും ഓപ്പണറുമായ സ്‌മൃതി മന്ദാന (25 പന്തിൽ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 47), അനുഷ്‌ക ശർമ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 2-0 ത്തിന്‌ സ്വന്തമാക്കിയതോടെ, ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ വിജയിക്കാൻ സ്‌മൃതി മന്ദാനയ്ക്കായി.

ഷഹീദ്‌ വീർ നാരായൺ സിംഗ്‌ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ്‌ നേടിയ സിംബാബ്‌വേ നായിക ജോസഫീൻ എൻകോമോ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 32 പന്തിൽ 34 റണ്ണെടുത്ത ചിപോ മുഗേരി ടിരിപാനോ, ജോസഫീൻ (35 പന്തിൽ 27) എന്നിവരുടെ ചെറുത്തുനിൽപ്പാണ്‌ അവരുടെ സ്‌കോർ നൂറ് കടത്തിയത്. കരിയറിലെ രണ്ടാമത്തെ ട്വന്റി20 കളിക്കുന്ന നിക്കി പ്രസാദാണ് സിംബാബ്‌വേയുടെ ഇന്നിംഗ്സ് തകർത്തത്. രണ്ട്‌ ഓവറിൽ ഏഴ്‌ റൺ മാത്രം വഴങ്ങി നിക്കി രണ്ട്‌ വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്‌, നന്ദിനി ശർമ, ദീപ്‌തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ്‌ വീതം നേടി.

ടിരിപാനോ, ന്യാഷ ഗ്വാൻസുര (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയാണ് നിക്കി തിളങ്ങിയത്. 11 പന്തുകൾ നേരിട്ട ഓപ്പണർ കെലിസ്‌ എൻലോവ്‌ റണ്ണെടുക്കാതെ മടങ്ങിയത് സിംബാബ്‌വേയുടെ റൺവേഗത്തെ ബാധിച്ചു. നാലാം ഓവറിൽ നന്ദിനി ശർമയാണ് കെലിസിനെ പുറത്താക്കിയത്. ഓപ്പണർ ബെലവഡ്‌ ബിസയ്ക്കും (13 പന്തിൽ ഏഴ്‌) തിളങ്ങാനായില്ല. ദീപ്‌തി ശർമയുടെ പന്തിൽ ഹർമൻപ്രീത്‌ കൗർ പിടിച്ചാണ് ബിസ മടങ്ങിയത്.

ഷാർനെ മായേഴ്‌സ് (ഒൻപത്‌), മോഡസ്‌റ്റർ എംപാചിക്‌വ (ഒൻപത്‌), മിഷെല മാവുങ (നാല്‌), ഫ്രാൻസിസ്‌ക ചിപാരെ (0) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യക്കായി ഓപ്പണിംഗ് കൂട്ടുകെട്ട് 28 പന്തിൽ 50 റൺസ് കടന്നു. 24 പന്തിൽ അർധ സെഞ്ചുറിയടിച്ച ഷഫാലിയാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. ഇന്ത്യ ഒൻപതാം ഓവറിൽ 100 റൺസിലെത്തി ജയം ഉറപ്പിച്ചു.