Crime

കരള്‍ പകുത്തു നല്‍കിയ പ്രിയമതനെ ചതിച്ചോ അനുമോള്‍? പ്രണയം നടിച്ച സമദിന്റെ കെണിയില്‍ കുടുങ്ങി, തന്റെ മക്കളുടെ അമ്മയെ തിരികെ സ്വീകരിച്ച് ഭര്‍ത്താവ്

തൊട്ടിൽപ്പാലത്തു നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന് തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. അനുമോളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ, പോലീസിനെതിരെ ആക്ഷേപമുയർത്തി കുടുംബം ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു.

ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇവരെ കണ്ടെത്തിയത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനുമോൾ, കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും ഓർത്ത് സ്വീകരിക്കാൻ തയ്യാറായ ഭർത്താവിനും കുടുംബത്തിനുമൊപ്പം പോകാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോടതി അതിന് അനുമതി നൽകി.

പത്തു വർഷം മുൻപ് ഗർഭിണിയായിരിക്കെ ഗുരുതര കരൾ രോഗം ബാധിച്ചതിനെ തുടർന്നാണ് അനുമോൾ വാർത്തകളിൽ ഇടംനേടിയത്. അന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് ചികിത്സാ ധനസഹായം സമാഹരിക്കുകയും, പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവ് സുഭാഷ് സ്വന്തം കരൾ പകുത്തു നൽകി അനുമോളുടെ ജീവൻ രക്ഷിക്കുകയുമായിരുന്നു. കരളിന്റെ കരള്‍ പകുത്തു നല്‍കി പ്രിയമതന്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത അന്നത്തെ പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടി സർക്കാർ സർവീസിൽ പ്രവേശിച്ച അനുമോൾ രണ്ടു കുട്ടികളുമൊത്ത് സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് പെട്ടെന്ന് അപ്രത്യക്ഷയായത്. സ്കൂളിലേക്ക് എന്ന് പറഞ്ഞുപോയ അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും വൈഫൈ വഴി വാട്സാപ്പ് ഉപയോഗിച്ചിരുന്നതിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് പാലക്കാടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ സമദ് ഏഴ് സിം കണക്ഷനുകൾ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ചു കൂടെക്കൂട്ടി പണവും സ്വത്തും തട്ടിയെടുത്ത ശേഷം ഉപേക്ഷിക്കുന്നതാണ് അബ്ദുൾ സമദിന്റെ രീതി എന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപും ഇയാൾക്കെതിരെ സ്ത്രീ വിഷയങ്ങളിൽ പരാതികൾ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാർ പിരിച്ചെടുത്ത തുകയിൽ ബാക്കിയുണ്ടായിരുന്ന പണം അനുമോളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഈ തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാവാം അബ്ദുൾ സമദ് അനുമോളെ കൂടെ കൂട്ടിയതെന്നാണ് കുടുംബവും നാട്ടുകാരും സംശയിക്കുന്നത്.