Crime

വൈക്കം സി.ഐ. കുടുങ്ങി; കൈക്കൂലി വാങ്ങാന്‍ അസം സ്വദേശിയുടെ അക്കൗണ്ട്: ഹെൽമെറ്റും മാസ്കും ധരിച്ച് എടിഎമ്മിൽ

കോട്ടയം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വൈക്കം സി.ഐ. ഷെമീർ ഖാൻ കുടുങ്ങി. മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് നടത്തിയ വ്യാപക പരിശോധനയിലാണ് സി.ഐ. നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നത്.

കൈക്കൂലിപ്പണം വാങ്ങിയെടുക്കാൻ അസം സ്വദേശിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടാണ് സി.ഐ. ഉപയോഗിച്ചിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഒരു മാസത്തിനിടെ ഈ അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാൾ പിൻവലിച്ചത്. ഇയാൾക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കും.

മണ്ണ് മാഫിയയിൽ നിന്നും ടിപ്പർ ഉടമകളിൽ നിന്നും കൈക്കൂലി തുക വാങ്ങാനായി കഴിഞ്ഞ മാസം അഞ്ചിന് വൈക്കം കനറാ ബാങ്കിൽ അസം സ്വദേശിയുടെ ആധാറും പാൻ കാർഡും ഉപയോഗിച്ചാണ് പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഏഴാം തീയതി മുതൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുതുടങ്ങി. ഈ അക്കൗണ്ടിന്റെ എ.ടി.എം. കാർഡ് സ്വന്തമായി കൈവശം വെച്ച ഷെമീർ ഖാൻ, എ.ടി.എം ക്യാമറകളിൽ തിരിച്ചറിയാതിരിക്കാൻ മാസ്കും ഹെൽമെറ്റും ധരിച്ചാണ് പണം പിൻവലിച്ചിരുന്നത്. പരിശോധനയുടെ ഭാഗമായി വിജിലൻസ് സംഘം സി.ഐ. ഓഫീസിലും ബാങ്ക് ശാഖയിലുമെത്തി നിർണായക തെളിവുകൾ ശേഖരിച്ചു.

കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ടി.ആർ. പ്രദീപ്കുമാർ, ഇൻസ്പെക്ടർമാരായ സജു ടി. ദാസ്, അനിൽ കുമാർ, രമേശ് കുമാർ, മനു വി. നായർ, എസ്.ഐമാരായ അനിൽ, രാജീവ്, എ.എസ്.ഐമാരായ രജീഷ്, അരുൺ ചന്ദ്, ഷൈജു കുരുവിള, പ്രദീപ്കുമാർ, രാജേഷ്, കെ.എ അനൂപ്, ഗിരീഷ് കുമാർ, ജോഷി ഇഗ്നേഷ്യസ്, വി. ജാൻസി എന്നിവരടങ്ങിയ സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.