Sports

19-ന് 4 വിക്കറ്റ് ! വിറപ്പിച്ച് സിംബാബ്‌വെ, കാത്തത് ദീപ്തിയും നികിയും, ഇന്ത്യക്ക് ജയം, സ്മൃതി മന്ദാനക്ക് വിജയത്തുടക്കം

റായ്പൂര്‍: സ്മൃതി മന്ദാനയുടെ നായകത്വത്തിലുള്ള അരങ്ങേറ്റ മത്സരത്തില്‍ സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 19 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ഒടുവില്‍ നികി പ്രസാദിന്റെയും ദീപ്തി ശര്‍മയുടെയും മികച്ച കൂട്ടുകെട്ടിന്റെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 37 പന്തില്‍ എട്ട് ഫോറുകളോടെ 49 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

35 പന്തില്‍ 39 റണ്‍സുമായി നികി പ്രസാദും രണ്ട് റണ്‍സോടെ അരുന്ധതി റെഡ്ഡിയും പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സ്മൃതി മന്ദാന ഒൻപത് റണ്‍സെടുത്ത് പുറത്തായി. സിംബാബ്‌വെക്കായി ന്യാഷാ ഗ്വാൻസുര 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. സ്കോര്‍: സിംബാബ്‌വെ 20 ഓവറില്‍ 114-5, ഇന്ത്യ 15.4 ഓവറില്‍ 116-6.

115 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ തുടക്കത്തിൽ തന്നെ ഞെട്ടിക്കാൻ സിംബാബ്‌വെയ്ക്കായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്മൃതി (9) മടങ്ങി. തുടർന്ന് അനുഷ്ക ശര്‍മ (4), മുന്‍ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗർ (1), ഷഫാലി വർമ (4) എന്നിവരും വേഗത്തിൽ വീണതോടെ ഇന്ത്യ 19-4 എന്ന നിലയിലായി. എന്നാൽ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നികി പ്രസാദും ദീപ്തി ശർമയും ചേർന്ന് 63 പന്തില്‍ 82 റണ്‍സ് കൂട്ടിച്ചേർത്ത് ടീമിനെ നൂറ് കടത്തി. വിജയതീരത്തിനടുത്ത് ദീപ്തിയും റിച്ച ഘോഷും (7) പുറത്തായെങ്കിലും അരുന്ധതിയെ കൂട്ടുപിടിച്ച് നികി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നായകസ്ഥാനത്തെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കാൻ സ്മൃതി മന്ദാനയ്ക്കായി. ടോസ് നേടിയ സ്മൃതി എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രാന്തി ഗൗഡ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബെലവ്ഡ് ബിസ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. മോഡെസ്റ്റര്‍ എംപാചിക്‌വയും (16) അധികം വൈകാതെ മടങ്ങി.

എന്നാൽ ഓപ്പണര്‍ കെലിന് എന്‍ഡിവു (44 പന്തില്‍ 42), ഷാര്‍നെ മായേഴ്‌സ് (33 പന്തില്‍ 43*) എന്നിവർ ചേർന്നതോടെ സിംബാബ്‌വെ സ്കോർ ഉയർന്നു. ന്യായ്ഷയും (9), മിഷേലയും (0) നന്ദിനി ശര്‍മയുടെ അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ഇന്ത്യക്കായി നന്ദിനി ശര്‍മ രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.