Crime

മുടി വെട്ടി, താടി വടിച്ച്, ഒരേ വേഷത്തിൽ പ്രതികൾ; അഭിമന്യു കേസിലെ തന്ത്രം പൊളിച്ച് കോടതി!

കൊച്ചി: മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ ആദ്യദിനം പ്രതികളെല്ലാവരും ഒരേ വേഷത്തിലാണ് കോടതിയിൽ എത്തിയത്. മുടി പറ്റേ വെട്ടി, താടി വടിച്ച്‌, കറുത്ത മാസ്‌കും തൊപ്പിയും വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഒരേ രൂപത്തിലാണ്‌ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരായ 16 പേരും എറണാകുളം സെഷന്‍സ്‌ കോടതിയില്‍ എത്തിയത്‌.

മുഖം മുഴുവൻ മറയ്ക്കുന്ന മാസ്‌ക് ധരിച്ചെത്തിയ പ്രതികളോട് മാസ്‌ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു. ഒരേ വേഷവും മാസ്‌കും സാക്ഷികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ പ്രതികൾക്ക് താക്കീത് നൽകി. വരുന്ന ദിവസങ്ങളിൽ ഇത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ആക്രമണ സമയത്ത് അഭിമന്യുവിനൊപ്പമുണ്ടായിരുന്ന ഒന്നാം സാക്ഷി സുബീഷിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്. കേസിൽ പോലീസിന് പ്രഥമ വിവരം നൽകിയത് സുബീഷായിരുന്നു. കോടതി നിർദേശപ്രകാരം പ്രതികൾ മാസ്‌ക് മാറ്റിയതോടെ 13 പേരെ സാക്ഷി തിരിച്ചറിഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെ ഇടിക്കട്ട കൊണ്ട് ആക്രമിച്ച റിയാസ് ഹുസൈൻ, കത്തി വീശിയ സനീഷ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രതികൾ താടിവടിച്ച് മുടി വെട്ടിയതിനാൽ മൂന്നു പേരെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും സുബീഷ് അറിയിച്ചു.

സുബീഷ് അടക്കമുള്ള എല്ലാ ദൃക്സാക്ഷികളെയും ഒരുമിച്ച് ക്രോസ് വിസ്താരം ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ അഭിമന്യുവിന്റെ കുടുംബം എതിർത്തു. സാക്ഷികളുടെ വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിഭാഗത്തിനായി അഡ്വ. ബി. രാമൻപിള്ളയും അഭിമന്യുവിന്റെ കുടുംബത്തിനായി അഡ്വ. കെ.എസ്. അരുൺകുമാറുമാണ് ഹാജരാകുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിനാണ് അഭിമന്യു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. കേസിൽ നേരിട്ട് പങ്കെടുത്തവരുടെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. ഇവരെ സഹായിച്ച 10 പേരുടെ വിചാരണ പിന്നീട് നടക്കും. 156 സാക്ഷികളാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുള്ളത്.