ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ്. ഇതോടെ ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഹോപ്പ് സ്വന്തമാക്കി. കൂടാതെ, ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തില്‍ എബി ഡിവില്ലിയേഴ്സിനെ മറികടക്കാനും ഹോപ്പിനായി.
കഴിഞ്ഞ രണ്ട് ഐപിഎല്‍ താരലേലങ്ങളിലും ആരും വാങ്ങാതിരുന്ന ഹോപ്പ്, ഈ പര്യടനത്തിലെ നാലാം സെഞ്ചുറിയോടെ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. ഐപിഎല്‍ ലേലത്തിന് രണ്ടുമാസം മാത്രം ബാക്കിനിൽക്കെയാണ് ഈ വെടിക്കെട്ട് പ്രകടനം. രണ്ടാം ഏകദിനത്തിൽ 104 റൺസ് നേടിയ ഹോപ്പ്, മൂന്നാം മത്സരത്തിൽ 162 റൺസാണ് അടിച്ചുകൂട്ടിയത്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഫോം തുടർന്ന താരം പുറത്താകാതെ 102 റണ്‍സ് നേടി.
ഹൈദരാബാദില്‍ കുറിച്ച ഈ സെഞ്ചുറിയോടെയാണ് ഇന്ത്യന്‍ പര്യടനത്തില്‍ താരം നാല് സെഞ്ചുറികൾ തികച്ചത്. 2024 ലാണ് ഹോപ്പ് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങിയ താരത്തെ തൊട്ടടുത്ത വര്‍ഷം ലേലത്തിൽ ആരും ലേലം പിടിച്ചിരുന്നില്ല.
എന്നാൽ, സ്പിന്നിനെ മികച്ച രീതിയിൽ നേരിടാന്‍ കഴിയുന്ന ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹോപ്പിനെ സ്വന്തമാക്കാൻ ലക്നൗ സൂപ്പര്‍ ജെയ്ന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകൾ മുന്നിലുണ്ടാകും. അതിനാൽ തന്നെ വരും ലേലത്തില്‍ ഹോപ്പിനായി കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.




