Crime

മകൾ പറഞ്ഞു: ‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ, വിയോജിപ്പില്ലെന്ന് പ്രതിയുടെ കുടുംബം

രാജ്യവ്യാപകമായി വലിയ നടുക്കമുണ്ടാക്കിയ മീററ്റ് ബ്ലൂ ഡ്രം കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ . ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ വധിച്ച് മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കുമാണ് മീററ്റ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വധശിക്ഷ പ്രഖ്യാപിച്ചത്. 126 ദിവസം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ഒടുവിലാണ് വിചാരണക്കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷ നൽകിയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ സെപ്റ്റംബർ 30-നാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് ഉത്തരവിട്ടത്. തുടർന്ന് ശിക്ഷാവിധി പ്രഖ്യാപിക്കാൻ മാറ്റിവെച്ച കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കിയാണ് ഇത്തരമൊരു മാതൃകാപരമായ ശിക്ഷ നടപ്പാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സമൂഹത്തിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം സംഭവങ്ങളിൽ കർശന നടപടി ആവശ്യമാണെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2025 മാർച്ച് മൂന്നിനാണ് മീററ്റ് ബ്രഹ്മപുരിയിലെ വീട്ടിൽ വെച്ച് സൗരഭ് രാജ്പുത്ത് ദാരുണമായി കൊല്ലപ്പെട്ടത്. വിദേശത്തായിരുന്ന സൗരഭ് മകളുടെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ സമയത്തായിരുന്നു ഈ ദാരുണ സംഭവം. രാത്രി സൗരഭിന്റെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി ബോധം കെടുത്തിയ മുസ്കാൻ, കാമുകനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കുളിമുറിയിലെത്തിച്ച് 15 കഷണങ്ങളായി വെട്ടിമുറിച്ചു. മൃതദേഹം അഴുകി ദുർഗന്ധം വരാതിരിക്കാൻ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വലിയ ഡ്രമ്മുകളിലിട്ട് കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികൾ ഹിമാചൽ പ്രദേശിലെ ഷിംലയിലേക്കും തുടര്‍ന്ന് മണാലിയിലേക്കും കടന്നുകളഞ്ഞു. അവിടെനിന്ന് സൗരഭിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുക്കൾക്ക് സന്ദേശങ്ങളയച്ച് സൗരഭ് ബിസിനസ് ആവശ്യത്തിനായി പോയതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. എന്നാൽ മാർച്ച് 17-ന് വീട്ടിലെത്തിയ ചില ബന്ധുക്കൾക്ക് സംശയം തോന്നിയതോടെ ലോക്കൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ “പപ്പ ഡ്രമ്മിലുണ്ട്” എന്ന് സൗരഭിന്റെ ചെറിയ മകൾ പറഞ്ഞതാണ് കേസിൽ നിർണായക വഴിത്തിരിവായത്.

വീടിന് സമീപമുണ്ടായിരുന്ന കോൺക്രീറ്റ് നിറച്ച ഡ്രമ്മുകൾ വെട്ടിപ്പൊളിച്ച പോലീസ്, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുദിവസത്തിനകം മുസ്കാനും സാഹിൽ ശുക്ലയും പിടിയിലായി. തങ്ങളുടെ അനധികൃത പ്രണയബന്ധവും ലഹരി ഉപയോഗവും സൗരഭ് അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കോടതിയിൽ പ്ലാസ്റ്റിക് ഡ്രമ്മുകൾ, കത്തികൾ, ഫോൺ രേഖകൾ തുടങ്ങി ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ജയിലിൽ കഴിയവേ മുസ്കാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.

കോടതി വിധിയിൽ വിയോജിപ്പില്ലെന്നാണ് മുസ്കാന്റെ കുടുംബം പ്രതികരിച്ചത്. കൊല്ലപ്പെട്ട സൗരഭ് നല്ലൊരു മനുഷ്യനായിരുന്നുവെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ, കൊലപാതകത്തിന് ശേഷം ഒരിക്കൽപ്പോലും മുസ്കാനെ ജയിലിൽ പോയി കണ്ടിരുന്നതുമില്ല.