സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ ടെലിവിഷൻ താരം നിതി ടെയ്ലർ. സിനിമയിൽ വേഷം നൽകുന്നതിന് പകരം തന്നോട് കിടപ്പറ പങ്കിടാൻ സംവിധായകൻ ആവശ്യപ്പെട്ടതായും, ഈ സംഭവം നൽകിയ ഞെട്ടലാണ് തന്നിലെ സിനിമാ മോഹങ്ങൾ അവസാനിപ്പിക്കാൻ കാരണമായതെന്നും ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു.
താൻ രണ്ട് തെലുങ്ക് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണ് നിതി ആദ്യം കരുതിയതെങ്കിലും, പിന്നീട് മൂന്ന് ചിത്രങ്ങളിൽ പ്രവർത്തിച്ചതായി ഓർത്തെടുത്തു. തന്റെ ആദ്യ സിനിമയുടെ സംവിധായകനിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് നിതി പറയുന്നതിങ്ങനെ: “ആദ്യ ചിത്രം പൂർത്തിയായ ശേഷം മറ്റൊരു സിനിമയ്ക്കായി അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. എന്നാൽ ഇത്തവണ സിനിമയിൽ അവസരം വേണമെങ്കിൽ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഉടൻ തന്നെ ഫോൺ കോൾ കട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് അമ്മയെ വിളിച്ച് ആ പ്രായമായ മനുഷ്യൻ എന്നോട് ഇങ്ങനെയാണ് പറഞ്ഞതെന്ന് വിതുമ്പലോടെ പറയുകയായിരുന്നു.”
മറ്റ് നടിമാരുമായി അയാൾ ഇടപഴകുന്നത് കണ്ടിട്ടുണ്ടെങ്കിലും തന്നോട് ഇങ്ങനെ ചോദിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നിതി കൂട്ടിച്ചേർത്തു. ഈ സംഭവത്തോടെയാണ് ഇനി മേലിൽ സിനിമകൾ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും, കടുത്ത ആഘാതത്തിലായതിനാൽ അന്ന് ഈ വിഷയം മറ്റാരോടും പറഞ്ഞിരുന്നില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ ആരോപണവിധേയനായ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ നിതി തയ്യാറായില്ല.
2012-ൽ പുറത്തിറങ്ങിയ ‘മേം വയസുകു വച്ചാം’ എന്ന ചിത്രത്തിലൂടെയാണ് നിതി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോക്സ് ഓഫീസിൽ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം 2013-ൽ ‘പെല്ലി പുസ്തകം’, 2014-ൽ ‘ലവ് ഡോട്ട് കോം’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാൽ ഈ രണ്ടു ചിത്രങ്ങളും വ്യാവസായികമായി പരാജയപ്പെടുകയായിരുന്നു. ഈ മൂന്ന് തെലുങ്ക് സിനിമകൾക്ക് ശേഷം ചലച്ചിത്ര മേഖലയോട് വിടപറഞ്ഞ നിതി പിന്നീട് ടെലിവിഷൻ രംഗത്ത് സജീവമാവുകയായിരുന്നു. സിനിമ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണമാണ് നിതി ഇപ്പോൾ വീണ്ടും ഓർത്തെടുത്തത്.



