വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ് വ്യക്തമാക്കുന്ന ഒരു പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആറ് ബട്ടൂരകൾ കരിമ്പിൻ നീരെടുക്കുന്ന യന്ത്രത്തിൽ അമർത്തിയപ്പോൾ ലഭിച്ചത് ഒരു ഗ്ലാസ് നിറയെ എണ്ണയാണ്! ആചാര്യ മനീഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. എണ്ണയിൽ മുക്കി വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചുള്ള കടുത്ത ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്.
തുടർച്ചയായി ആറ് ബട്ടൂരകൾ കരിമ്പ് യന്ത്രത്തിലേക്ക് വച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ പ്രധാന ഭാഗം. യന്ത്രത്തിൽ കിടന്ന് അമരുമ്പോൾ ബട്ടൂരയിൽ നിന്നും എണ്ണ ഒലിച്ചിറങ്ങി താഴെയുള്ള ഗ്ലാസിലേക്ക് നിറയുന്നത് കാണാം. പരീക്ഷണം പൂർത്തിയാകുമ്പോൾ ഗ്ലാസ് നിറയെ എണ്ണ ശേഖരിക്കപ്പെടുന്ന കാഴ്ച പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. സാധാരണയായി ഏവരും കൊതിയോടെ കഴിക്കുന്ന ഇത്തരം പലഹാരങ്ങളിൽ ഇത്രത്തോളം എണ്ണ അടങ്ങിയിട്ടുണ്ടെന്ന സത്യം പലരിലും ഞെട്ടലുണ്ടാക്കി.
എണ്ണയിൽ വറുത്ത പലഹാരങ്ങൾ അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും ആചാര്യ മനീഷ് ഈ വീഡിയോയിലൂടെ നൽകുന്നു. ക്രമരഹിതമായ ഭക്ഷണരീതിയും ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എങ്കിലും, യന്ത്രത്തിലൂടെ വേർതിരിച്ചെടുത്ത എണ്ണയുടെ പൂർണ്ണമായ അളവ് ശരീരം ആഗിരണം ചെയ്യുന്ന എണ്ണയ്ക്ക് തുല്യമല്ലെന്നും, ബട്ടൂര കഴിച്ചതുകൊണ്ട് മാത്രം നേരിട്ട് രോഗങ്ങൾ വരണമെന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വീഡിയോ പ്രചരിച്ചതോടെ ജനങ്ങളുടെ ഭക്ഷണ ശീലങ്ങളെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ദിവസവും എണ്ണക്കടികൾ കഴിക്കുന്നവർക്ക് അതൊന്ന് കുറയ്ക്കാൻ ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ പ്രിയപ്പെട്ട വിഭവങ്ങൾ ഉപേക്ഷിക്കേണ്ടതില്ലെന്നും, മിതമായ അളവിൽ കഴിക്കുകയാണ് വേണ്ടതെന്നും മറ്റുള്ളവർ വാദിക്കുന്നു. പരീക്ഷണത്തിനായി യന്ത്രം നൽകിയ കടയുടമയുടെ വാക്കുകളും വൻ ചർച്ചയായിട്ടുണ്ട്. ഭട്ടൂരയിൽ നിന്നും ഇത്രയും എണ്ണ പുറത്തുവരുന്നത് കണ്ടതോടെ ഇനി ലൈഫിൽ ഭട്ടൂര തിന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.



