പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വഴിനൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. ആനകൾ ഓരോന്നായി റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആനക്കൂട്ടം പൂർണ്ണമായും കടന്നുപോകുന്നത് വരെ വാഹനങ്ങൾ മുന്നോട്ട് നീങ്ങാത്ത രീതിയിൽ കുർസിയോങ് വനംവകുപ്പ് ജീവനക്കാരാണ് ഗതാഗതം നിയന്ത്രിച്ചത്.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉദാഹരണമായാണ് കേന്ദ്ര വരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലൂടെ കടന്നുപോകുന്ന റോഡുകളിൽ എത്രത്തോളം ഉത്തരവാദിത്തത്തോടെയും ക്ഷമയോടെയും പെരുമാറണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. തിടുക്കം കൂട്ടാതെ, ആനകൾ കടന്നുപോകുന്നത് വരെ വാഹനയാത്രക്കാർ ശാന്തരായി കാത്തുനിൽക്കുകയാണുണ്ടായത്.
പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ ആനകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ വനപാലകർ ഗതാഗതം തടഞ്ഞുവെച്ചപ്പോൾ കണ്ടത് മനോഹരമായ ഒരു സഹവർത്തിത്വമാണ്. മനുഷ്യരെയും വന്യജീവികളെയും ഒരുപോലെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ഇത് കാണിച്ചുതരുന്നുവെന്ന് മന്ത്രി കുറിച്ചു. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സം വരാത്ത രീതിയിൽ മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വന്യജീവികൾക്കനുസരിച്ച് മാറണമെന്നും പലരും അഭിപ്രായപ്പെട്ടു.
ആനകളെ രക്ഷിക്കുന്ന മറ്റൊരു സംഭവത്തിൽ, ആനക്കൂട്ടം റെയിൽവേ പാളം മുറിച്ചുകടക്കുമ്പോൾ അതുവഴിയെത്തിയ തീവണ്ടിക്ക് മുന്നറിയിപ്പ് നൽകാനായി വനപാലകൻ ചുവന്ന തുണി വീശുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ പങ്കുവെച്ചിട്ടുണ്ട്. കുർസിയോങ് ഡിവിഷനിലെ ആകാശ് കെർക്കെറ്റ എന്ന വനപാലകന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
ബാഗ്ഡോഗ്ര-നക്സൽബാരി റൂട്ടിൽ വന്ന സിക്കിം മഹാനന്ദ എക്സ്പ്രസും ആനക്കൂട്ടവും തമ്മിലുള്ള കൂട്ടിയിടിയാണ് വനപാലകരുടെയും ലോക്കോ പൈലറ്റുമാരുടെയും സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനായത്. വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പ് ജീവനക്കാർ വഹിക്കുന്ന നിർണായക പങ്ക് വ്യക്തമാക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും.




