Crime

ഇരുവർക്കുമിടയിൽ എന്ത് സംഭവിച്ചു? അവനികയുടേയും പാര്‍ഥിബിന്റേയും മരണത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍, റെയിൽവേ ട്രാക്കിൽ വിദ്യാർഥികൾ മരിച്ച നിലയിൽ

കോഴിക്കോട് ചേമഞ്ചേരിയിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികളുടെ വിയോഗവാർത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാർ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനികയും (14) പ്ലസ് ടു വിദ്യാർത്ഥിയായ പാർത്ഥിബും (17) ആണ് മരിച്ചത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്ത് വരുന്ന ഭാഗത്ത് ഇന്നലെ വൈകിട്ടോടെ എത്തിയ ഇരുവരും മംഗലാപുരം – ചെന്നൈ എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ബന്ധുക്കളെത്തിയാണ് മരിച്ചത് അവനികയും പാർത്ഥിബും ആണെന്ന് സ്ഥിരീകരിച്ചത്. നോർത്ത് പാണംകുളം കുനി സുരേഷ് – റീന ദമ്പതികളുടെ മകളായ അവനിക, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബീഷിന്റെയും സുനിഷയുടെയും മകനായ പാർത്ഥിബ് അത്തോളി ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്‌സി വിദ്യാർത്ഥിയാണ്. ഇരുവരും ഏറെക്കാലമായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. അവനിക പഠിക്കുന്ന തിരുവങ്ങൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് പാർത്ഥിബ്.

സമീപവാസികളായതിനാൽ ഇരുവരും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. മുൻപ് സ്കൂളിൽ ഒന്നിച്ചെത്തിയിരുന്ന സമയത്താണ് ഇവർ കൂടുതൽ അടുത്തത്. എന്നാൽ ജീവനൊടുക്കാൻ തക്കവിധം ഇരുവർക്കുമിടയിൽ എന്ത് സംഭവിച്ചുവെന്ന് ആർക്കും മനസ്സിലാകുന്നില്ല.

താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവനികയുടെ അമ്മ റീന, യാത്ര ഒഴിവാക്കാനായി അവിടെ വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. അതിനാൽ ചിലപ്പോഴൊക്കെ അവനിക അമ്മയ്ക്കൊപ്പമാണ് നിന്നത്. അതിനിടയിലാണ് അച്ഛൻ സുരേഷിന്റെ കാലൊടിയുന്നത്. അമ്മയ്ക്ക് ജോലി ഉള്ള ദിവസങ്ങളിൽ അവനികയാണ് മെഡിക്കൽ കോളജിൽ അച്ഛന് കൂട്ടിരുന്നത്.

ഇതിന് പിന്നാലെയാണ് ദുരന്തവാർത്തയെത്തുന്നത്. വീട്ടുകാര്യങ്ങൾ നോക്കാനും പഠിക്കാനും മിടുക്കിയായിരുന്നു അവനികയെന്ന് നാട്ടുകാർ ഓർക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ സംസ്കാരം നടത്തും.