Crime

ഡമ്മി ഇടപാടുകാരനെ അയച്ചു; സെക്സ് റാക്കറ്റിന്റെ പിടിയിൽനിന്ന് നടിയെ രക്ഷപ്പെടുത്തി പൊലീസ്

മഹാരാഷ്ട്രയിലെ താനെയിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽനിന്ന് 35കാരിയായ നടിയെ പൊലീസ് രക്ഷപ്പെടുത്തി. ഒരു എൻജിഒ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നൽ നടപടി.

നടിയെയടക്കം സംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ഒരു ഡമ്മി ഇടപാടുകാരനെ അയച്ച് പരിശോധിക്കുകയായിരുന്നു. ഒക്ടോബർ എട്ടിന് മീരാ–ഭയന്ദർ റോഡിലെ ഹോട്ടലിലേക്ക് അയച്ച ഇയാൾ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ റെയ്ഡിൽ തബ്സും എന്ന് അറിയപ്പെടുന്ന 39കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സോണിയ ഉമർ ഖുറേഷി എന്നാണ് ഇവരുടെ യഥാർഥ പേരെന്നും, സ്ത്രീകളെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു ഇവരുടെ രീതി എന്നും പൊലീസ് കണ്ടെത്തി. ഈ പരിശോധനയിലാണ് 35കാരിയായ ടെലിവിഷൻ നടിയെ സംഘത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.

സീരിയലുകൾ, വെബ് സീരീസുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്കായി എത്തുന്ന സ്ത്രീകളെയാണ് സംഘം പ്രധാനമായും കുരുക്കിയിരുന്നത്. നടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്ത പൊലീസ്, നിലവിൽ നടിയെ മുംബൈയിലെ റെസ്ക്യൂ ഫൗണ്ടേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

നടിയെ കൂടാതെ നിരവധി സ്ത്രീകളെ സംഘം ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 143-ാം വകുപ്പും അനാശാസ്യ പ്രവർത്തനങ്ങൾ തടയുന്ന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് തബ്സുമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇവരുടെ പ്രധാന സഹായിയായ വ്യക്തി ഒളിവിലാണെന്നും, മറ്റ് സംഘാംഗങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.